fuljar-soda

സംസ്ഥാനത്ത് തരംഗമായ ഫുള്‍ജാര്‍ സോഡയെ കുരുക്കിലാക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍. ആരോഗ്യകരമല്ലാത്ത ഇത്തരം പാനീയങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കോഴിക്കോട് മേയര്‍ മുന്നറിയിപ്പ് നല്‍കി.  

നുരഞ്ഞുപൊന്തുന്ന ഫുള്‍ജാര്‍ സോഡയുടെ പിന്നാലെയാണ് കേരളത്തിലെ യുവത്വം. എന്നാല്‍ കോഴിക്കോട് നഗരത്തില്‍ ഇതിന് കടിഞ്ഞാണിടാന്‍ ഒരുങ്ങുകയാണ് നഗരസഭ. പലയിടത്തും വൃത്തിഹീന മായ അന്തരീക്ഷത്തിലാണ് ഇവ ഉണ്ടാക്കുന്നത്. ആദ്യഘട്ടമെന്ന രീതീയില്‍ മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കും. 

കടപ്പുറത്തും നഗരത്തിലെ മറ്റിടങ്ങളിലും ഉള്ള പെട്ടിക്കടകളില്‍ ഗുണനിലവാരം കുറഞ്ഞ ഐസുകളാണ് ഉപയോഗിക്കുന്നത്. മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കേണ്ട ഐസാണ് പല വിഭവങ്ങളാക്കി ആളുകള്‍ക്ക് നല്‍കുന്നത്. ഇതിനെതിരെയും കര്‍ശന നടപടിയെടുക്കും.