പത്തനംതിട്ടയിലെ പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തില്‍ ശബരിമല യുവതിപ്രവേശം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നാണ് വിമര്‍ശം. ജില്ലാകമ്മറ്റി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ഈമാസം ആറിന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി ചര്‍ച്ചചെയ്യും.

കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.ഐ ജില്ലാകമ്മറ്റിയോഗത്തിലെ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മികച്ച പ്രവര്‍ത്തനവും സാധ്യതയും ഉണ്ടായിട്ടും ലോക്സഭാതിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പരാജയപ്പെടാന്‍ കാരണം ശബരിമല വിഷയത്തിന്റെ സ്വാധീനമാണ്.

ശബരിമല  തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചു. യുവതിപ്രവേശവിഷയത്തില്‍ സര്‍ക്കാരിന്റെ തിടുക്കം ഒരുവിഭാഗം വോട്ടര്‍മാരെ സംശയാലുക്കളാക്കി. തിരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തില്‍ യുവതിപ്രവേശം ഒഴിവാക്കേണ്ടതായിരുന്നു. 

വനിതാമതിലിന്റെ പിറ്റേദിവസം യുവതിപ്രവേശം സാധ്യമാക്കിയത് വനിതാമതിലിന്റെ പൊലിമകെടുത്തിയതിനൊപ്പം തിരിച്ചടിയുമായി. എതിരാളികളുടെ അസത്യപ്രചരണത്തെ പ്രതിരോധിക്കുക എന്നത് വലിയ വെല്ലുവിളിയായി. സര്‍ക്കാര്‍ ജാഗ്രതപുലര്‍ത്തിയിരുന്നുവെങ്കില്‍ അത് ഒഴിവാക്കാമായിരുന്നു. ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന പ്രചരണത്തിലൂടെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയെന്നും  ജില്ലാ കമ്മറ്റിതയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.