cochin-corporation

ആറു നിയമസഭ മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉടന്‍ ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. ഇതില്‍ യുഡിഎഫ് ഏറ്റവും അനായാസ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് എറണാകുളം . പക്ഷേ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം യുഡിഎഫിനും കോണ്‍ഗ്രസിനും അത്ര അനായാസമാകില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ഹൈബിക്കു പകരം ടി.ജെ. ?

ഹൈബി ഈഡന്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ ഡിസിസി പ്രസിഡന്‍റും കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയറുമായ ടി.ജെ.വിനോദിനെ ചുറ്റിപ്പറ്റിയാണ് സ്ഥാനാര്‍ഥിത്വ ചര്‍ച്ചകളെല്ലാം നടക്കുന്നത്.  വിനോദ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കാരണങ്ങള്‍ ഏറെയുണ്ട് താനും. നിയമസഭാ മണ്ഡലത്തിലെ ഏതാണ്ടെല്ലാ മേഖലകളില്‍ നിന്നുളള കോര്‍പറേഷന്‍ ഡിവിഷനുകളിലും മല്‍സരിച്ചു ജയിച്ചിട്ടുണ്ട് വിനോദ്. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലിലെ ഏറ്റവും സീനിയര്‍ അംഗങ്ങളിലൊരാള്‍. രണ്ടു തവണ ഡെപ്യൂട്ടി മേയറായി.  കെഎസ്്യു മുതല്‍ സംഘടനാ രംഗത്ത് മികവ് തെളിയിച്ചിട്ടുളള വിനോദിനെ നവമാധ്യമ പദ്ധതിയായ 'ശക്തി'യില്‍ രാജ്യത്തു തന്നെ ഏറ്റവുമധികം അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ത്ത ഡിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ എഐസിസിയുടെ അംഗീകാരവും തേടിയെത്തിയിരുന്നു. ഇതിനെല്ലാമൊപ്പം ലത്തീന്‍ സമുദായ വോട്ടുകള്‍ക്ക് പ്രാമുഖ്യമുളള മണ്ഡലത്തില്‍ സമുദായാംഗം എന്ന പരിഗണനയും ടി.ജെ.വിനോദിന് അനുകൂലമാണ്. മുമ്പ് ഒന്നിലേറെ തവണ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുളള സ്ഥാനാര്‍ഥിത്വത്തിനായി പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും  പല കാരണങ്ങളാല്‍ സീറ്റ്  നിഷേധിക്കപ്പെട്ടുവെന്ന സഹതാപവും വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിനോദിന്‍റെ സ്വീകാര്യത ഉയര്‍ത്തുന്നു.

വീണ്ടും വരുമോ തോമസ് മാഷ് ?

പൊതു തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ട ഏക കോണ്‍ഗ്രസ് എംപി കെ.വി.തോമസ് മാത്രമാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ തോമസ് മാഷിന്‍റെ പിണക്കം മാറ്റാന്‍ നേതൃത്വം നിയമസഭ സീറ്റ് അദ്ദേഹത്തിനു നല്‍കുമോ എന്ന സംശയവും എറണാകുളത്തെ കോണ്‍ഗ്രസുകാര്‍ക്കുണ്ട്. പരസ്യമായി സീറ്റാവശ്യം  ഉന്നയിക്കുന്നില്ലെങ്കിലും പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കു മുന്നില്‍ നിയമസഭ സീറ്റിനുളള സാധ്യതകള്‍ അദ്ദേഹം ആരാഞ്ഞിട്ടിട്ടുണ്ടെന്നാണ് സൂചന. ബെന്നി ബെഹനാന്‍ എംപിയായതോെട ഒഴിവു വന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമാണ് മാഷിന്‍റെ ലക്ഷ്യമെന്ന് വിശ്വസിക്കുന്നവരും ഏറെ. 

മുന്‍ മേയര്‍ക്കൊരു സീറ്റ് ?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊച്ചി മണ്ഡലത്തിലേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്ന പേരാണ് മുന്‍ മേയര്‍ ടോണി ചമ്മിണിയുടേത് . പക്ഷേ ഒടുവില്‍  സിറ്റിങ് എംഎല്‍എയായിരുന്ന ഡൊമിനിക് പ്രസന്‍റേഷന് തന്നെ നറുക്കു വീണു . ഇക്കുറി ഉപതിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷ  ചമ്മിണിക്കുണ്ട്. മേയറെന്ന നിലയില്‍ മണ്ഡലത്തിലാകെ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസമാണ് സ്ഥാനാര്‍ഥിത്വ പ്രതീക്ഷയുടെ അടിസ്ഥാനം. ടി.ജെ.വിനോദ് െഡപ്യൂട്ടി മേയര്‍ സ്ഥാനത്തു നിന്നു മാറിയാല്‍ നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന കൊച്ചി കോര്‍പറേഷന്‍ ഭരണം താഴെവീഴാന്‍ ഇടയുണ്ടെന്നും  ഈ സ്ഥിതിയില്‍ വിനോദിനെ മല്‍സരിപ്പിക്കുന്നത് അപകടമാണെന്നും ചമ്മിണിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. പക്ഷേ വിനോദ് മാറിയാലും നഗര ഭരണത്തെ അത് ബാധിക്കില്ലെന്നാണ് മറുവാദം.

വരുമോ മേയര്‍ ?

സംസ്ഥാന നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് വനിതാ പ്രാതിനിധ്യമില്ല. അതുകൊണ്ടു തന്നെ വിജയമുറപ്പുളള സീറ്റില്‍ ഒരു വനിതയെ പരിഗണിക്കണമെന്ന ചിന്ത കെപിസിസി നേതൃത്വത്തില്‍ ചിലര്‍ക്കെങ്കിലുമുണ്ട് താനും. ഇവിടെയാണ് കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിന്‍ സ്ഥാനാര്‍ഥിയാവാനുളള സാധ്യതകള്‍ തെളിയുന്നത് . സൗമിനി ജയിന്‍ എംഎല്‍എയായാല്‍  കോര്‍പറേഷന്‍ ഭരണത്തില്‍ അഴിച്ചുപണി നടത്തി അതൃപ്തരെ അനുനയിപ്പിക്കാമെന്നതും അവരുടെ സാധ്യതകള്‍ ഉയര്‍ത്തുന്നു. വനിതാ പ്രാതിനിധ്യ സാധ്യതയെ പറ്റി കെപിസിസി ഗൗരവമായി ചിന്തിച്ചാല്‍ മുതിര്‍ന്ന  നേതാവ് ലാലി വിന്‍സെന്‍റും പരിഗണിക്കപ്പെട്ടേക്കാം. എന്തായാലും സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ഗതിനിര്‍ണയിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ വനിത പ്രാതിനിധ്യമെന്ന ഘടകത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുളള സാധ്യതകള്‍ നേര്‍ത്തതാണ്.

വീണ്ടും ചില ഗ്രൂപ്പുകാര്യങ്ങള്‍

ഗ്രൂപ്പു കണക്കില്‍ എറണാകുളമിപ്പോള്‍  ഐ വിഭാഗത്തിന്‍റെ പട്ടികയിലാണ്.  ഐ ഗ്രൂപ്പിലാകട്ടെ ടി.ജെ.വിനോദിന്‍റെ കാര്യത്തില്‍ ഏകാഭിപ്രായമാണു താനും. ൈഹബിക്കു പകരക്കാരനായി ടി.ജെ. വിനോദിന്‍റേതല്ലാതെ മറ്റൊരു പേരും ഐ വിഭാഗം മുന്നോട്ടുവയ്ക്കുന്നുമില്ല. ഗ്രൂപ്പുകള്‍ക്കതീതനായ കെ.വി.തോമസ് വീണ്ടും സ്ഥാനാര്‍ഥിയായി വരുന്നതില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ഒരു താല്‍പര്യവുമില്ലെന്നതും മറ്റൊരു വസ്തുത.  പാര്‍ലമെന്‍റില്‍ വിജയസാധ്യതയില്ലെന്ന് കണ്ടെത്തിയയാളെ എങ്ങനെ നിയമസഭയില്‍ മല്‍സരിപ്പിക്കുമെന്ന വാദമുയര്‍ത്തിയാണ് തോമസ് മാഷിന്‍റെ സാധ്യതകളെ ഗ്രൂപ്പുകള്‍ പ്രതിരോധിക്കുന്നതു തന്നെ. എ ഗ്രൂപ്പില്‍ പക്ഷേ ടോണി ചമ്മിണിയുടെ സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ ഏകാഭിപ്രായമില്ല. എന്നാല്‍ ഗ്രൂപ്പിലെ എതിർപ്പുകൾ ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്‍ മറികടക്കാനാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പ്രതീക്ഷിക്കുന്നു.