
ഇന്നലെ ഒരുദിവസം കൊണ്ട് വിരമിച്ചത് 3625 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍. ഇവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്കാന് 1600 കോടിയോളം രൂപ ഖജനാവില്‍ നിന്ന് ചെലവാക്കണം. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വേഗം നല്കി പലിശബാധ്യത ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ധനവകുപ്പ്.
ഇന്നലെ 56 വയസ് പൂര്‍ത്തിയായി 3625 സര്‍ക്കാര്‍ ജീവനക്കാരാണ് ഒറ്റയടിക്ക് ഔദ്യോഗികജീവിതത്തില്‍ നിന്ന് പിരിഞ്ഞുപോയത്. സ്കൂളില്‍ ജനനത്തീയതി മേയ് 31 എന്ന് രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയും ജീവനക്കാര്‍ക്ക് ഒരുമിച്ച് ഇന്നലെ വിരമിക്കല്‍ പ്രായം തികഞ്ഞത്. സര്‍ക്കാര്‍ നിയമനങ്ങള്‍ കൂടുതലായി നടന്ന 1980കളുടെ പകുതിയില്‍ സര്‍വീസില്‍ കയറിയവരാണ് ഇവരില്‍ ഭൂരിപക്ഷവും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് മുതല്‍ പല തട്ടിലുള്ളര് ഇന്നലെ വിരമിച്ചു. ഗ്രാറ്റുവിറ്റി, പെന്ഷന് കമ്യൂട്ടേഷന്, ആര്‍ജിതാവധി സറണ്ടര്‍ ചെയ്യുമ്പോഴുള്ള തുക, സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സും ഗ്രൂപ്പ് ഇന്‍ഷ്വറന്‍സും കാലാവധിയെത്തുമ്പോഴുള്ള തുക എന്നിവ ചേര്‍ന്നതാണ് പെന്ഷന് ആനുകൂല്യം.
ഈ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്കാന് ശരാശരി 25 ലക്ഷം രൂപവച്ച് വേണം. ആകെ 1600 കോടിയോളം രൂപയാണ് സാമ്പത്തികപ്രതിസന്ധിക്കിടെ സര്‍ക്കാരിന് ഈയിനത്തില്‍ ചെലവാക്കേണ്ടി വരുന്നത്. ഒരുമാസത്തിനകം ഈ തുക നല്കിത്തീര്ക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. ആനുകൂല്യങ്ങള്‍ വൈകിയാല്‍ പലിശയടക്കം നല്‍കേണ്ടിവരും. അതിനാല്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് അധികബാധ്യതവരുത്തുന്നവരാകും. അങ്ങനെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.