letter-tocm

കാസര്‍കോട് കുമ്പളയില്‍ കഴിഞ്ഞദിവസം മരണപ്പെട്ട ഡിവൈഎഫ്ഐ നേതാവിന്റെ കുടുംബത്തിന് സഹായങ്ങള്‍ എത്തിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഒാഫീസില്‍ ഇന്നലെ ഒരു ഇമെയില്‍ സന്ദേശമെത്തി. സാധാരണ ഇത്തരം സഹായാഭ്യര്‍ഥനകള്‍ മുഖ്യമന്ത്രിയുടെ ഒാഫീസില്‍ ധാരാളമായി വരാറുണ്ട്. പക്ഷെ ഈ കത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.

സര്‍, ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്നാണ് കത്തു തുടങ്ങുന്നത്, കാസര്‍കോട് മരണപ്പെട്ട ഡിവൈഎഫ്ഐക്കാരന്‍റെ കുടുംബത്തെ സഹായിക്കാന്‍ കത്തയച്ചിരിക്കുന്നത് കോഴിക്കോട്ടെ ഒരു യൂത്ത്കോണ്‍ഗ്രസ് നേതാവാണ്. നൗഷാദ് െതക്കയില്‍. കത്തിന് മറുപടിയായി ആകുന്നതെല്ലാം ചെയ്യുമെന്നും സംഭവത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് മെയില്‍ ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് നൗഷാദിനെ സ്നേഹപൂര്‍വ്വം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

മരിച്ച ഡിവൈഎഫ്ഐ നേതാവിന് േവണ്ടി കോണ്‍ഗ്രസിന്റെ ഒരു യുവനേതാവ് കത്തയക്കുന്നതിന്റെ ആവശ്യമെന്താണ് ? ഡിവൈഎഫ്ഐ കുമ്പള മേഖലാസെക്രട്ടറിയും സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു അജിത്ത്, കര്‍ണാടകയില്‍ ഒരുവിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അജിത്ത് കൂടെ ഉണ്ടായിരുന്ന ഒരു ബാലനെ രക്ഷിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. ദക്ഷിണകന്നഡയിലെ ബണ്ട്വാള്‍ പുഴയില്‍ കുളിയ്ക്കാനിറങ്ങിയ ബാലന്‍ മുങ്ങുന്നത് കണ്ടാണ് അജിത്ത് പുഴയിലേക്കെടുത്ത് ചാടുന്നത്, പക്ഷെ ഇരുവര്‍ക്കും മരണത്തിന് കീഴടങ്ങേണ്ടി വന്നു.

അജിത്തിനെപോലുള്ള പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവര്‍ക്കായി ജീവിതം പണയപ്പെടുത്തി ജീവിക്കുന്നവരാണ്. എവിടെയും എപ്പോഴും ഇറങ്ങിപ്പുറപ്പെടാനും ആരെയും സഹായിക്കാനും മനസ്സുള്ളവര്‍. ആള്‍നൂഴിയില്‍ ചാടിയിറങ്ങിയ കോഴിക്കോട്ടെ ഒാട്ടോഡ്രൈവറായിരുന്ന നൗഷാദിന്റെ മരണം നാം മറന്നുകാണില്ല, അജിത്തിനെ സഹായിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറയാന്‍ കോണ്‍ഗ്രസുകാരനായ നൗഷാദ് തെക്കയിലിന് അജിത്തിന്റെ രാഷ്ട്രീയം ഒരു പ്രശ്നമായിരുന്നില്ല. നാടുനന്നാക്കാന്‍ ഒാടുന്നതിനിടയ്ക്ക് സ്വന്തം കുടുംബത്തിനായി എന്തെങ്കിലും കരതിവെയ്ക്കാന്‍ ആ ചെറുപ്പക്കാരന്‍ മറന്നുപോയിട്ടുണ്ടാകും. വലിയ വലിയ നേതാക്കളെ കുറിച്ചല്ല പറയുന്നത്. ആത്മാര്‍ഥമായി പൊതുപ്രവര്‍ത്തനം ചെയ്യുകയും കല്യാണവീട്ടിലും മരണവീട്ടിലും ദുരന്തമുഖത്തും കാരുണ്യത്തിന്റെ കൈസഹായവുമായി മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന അജിത്തിനെ പോലുള്ളവരുടെ കാലിപോക്കറ്റില്‍ സ്നേഹമല്ലാതെ മറ്റൊന്നു ശേഷിക്കുന്നുണ്ടാകില്ല. ഇക്കാര്യം നേരിട്ട് ബോധ്യമുള്ള ആളാണ് നൗഷാദ് െതക്കയില്‍.

അജിത്തിന്റെ കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും ജീവിയ്ക്കാന്‍ ഒന്നുമുണ്ടാകില്ല സര്‍. അവരെ സഹായിക്കണം, ആ സഹോദരന്‍ െചയ്ത  പ്രവര്‍ത്തിയുടെ മഹത്വം മനസ്സിലാക്കി അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരപോരാട്ടങ്ങളില്‍ മുന്‍നിര പോരാളിയാണ് നൗഷാദ് തെക്കയില്‍.