സംസ്ഥാനത്ത് ഒട്ടാകെ സിപിഎമ്മിന് വമ്പൻ തിരിച്ചടി കിട്ടി കേവലം ഒരു സീറ്റിലേക്ക് ലീഡ് നില ചുരുങ്ങി. എഴു പേർ ഒരു ലക്ഷത്തിന് മുകളിൽ ലീഡ് നേടി മുന്നേറുമ്പോൾ ആകെ പ്രതീക്ഷയുള്ള ഒരു സീറ്റിൽ പതിനായിരത്തിനടുത്താണ് എൽഡിഎഫിന്റെ ലീഡ്. ഇക്കൂട്ടത്തിൽ കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രൻ നേടിയ ഒരു ലക്ഷത്തിന് മുകളിലുള്ള ലീഡ് പിണറായി വിജയനുള്ള തിരിച്ചടി കൂടിയായെന്നാണ് വിലയിരുത്തല്‍. ഏതുവിധേനയും കൊല്ലം പിടിക്കാൻ ഇറങ്ങിയവരെ നിലംതൊടീക്കാതെ ഒാട്ടിച്ച് കൊല്ലംകാർ വീണ്ടും പ്രേമചന്ദ്രന് ഒപ്പം നിന്നു. കഴിഞ്ഞ തവണ പിണറായി നടത്തിയ പരനാറി പ്രയോഗം പ്രേമചന്ദ്രന് വലിയ ഗുണം ചെയ്തിരുന്നു.
ഇത്തവണ ആ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇൗ നിലപാടും രണ്ടാതവണയും തിരിച്ചടിയായി. ഇയാൾ സംഘിയാണെന്ന തരത്തിലും സിപിഎം പ്രസ്താവനകൾ ആക്രമണം നടത്തിയിരുന്നു. എന്നാൽ അതിനെല്ലാം കൊല്ലം ജനത കൃത്യമായി മറുപടി നൽകിയെന്ന് യുഡിഎഫ് പറയുന്നു. കെ.എൻ ബാലഗോപാൽ എന്ന കരുത്തനായ സ്ഥാനാർഥി തോറ്റുമുട്ടുകുത്തി.
സിപിഎമ്മിന്റെ ഉള്ളിലെ അടങ്ങാത്ത കനൽ ഇനി അഞ്ചുവർഷം കൂടി എരിഞ്ഞുകൊണ്ടിരിക്കുമെന്ന് വ്യക്തമാക്കിയാണ് ജനവിധി. പരനാറി വിളി ഏറ്റില്ലെന്നും കൊല്ലത്തുകാർ വീണ്ടും പരവതാനി തന്നെ നൽകിയെന്നും കുറിച്ച് വിജയം ആഘോഷിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. ഇടതുപക്ഷം ജയിച്ചുകയറിയ ഏഴ് നിയോജക മണ്ഡലങ്ങളിലും പ്രേമചന്ദ്രൻ തന്നെയാണ് വമ്പൻ ലീഡ് നേടി ഇപ്പോഴും മുന്നേറുന്നത്. ഒരിക്കൽ പോലും ബാലഗോപാലിന് പ്രേമചന്ദ്രന്റെ മുന്നേറ്റത്തെ തടുക്കാനായില്ല. സസ്പെൻസിനൊടുവിലാണ് ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിനെ ബി.ജെ.പി കൊണ്ടുവന്നത്. എന്നാൽ സാബുവിനും പ്രേമചന്ദ്രന്റെ ലീഡിന് മുന്നിൽ പിടിച്ചുനിൽക്കാനായിട്ടില്ല. ബിജെപി യുഡിഎഫിന് വോട്ടുമറിച്ചു എന്ന ആരോപണവും ശക്തമാകുന്നുണ്ട്.