''തൃശൂര്‍ എനിക്കു വേണം. ഈ തൃശൂർ നിങ്ങളെനിക്ക് തരണം. തൃശൂർ ഞാനിങ്ങെടുക്കുവാ'' പ്രചരണകാലത്ത് നിരവധി ട്രോളുകൾക്ക് വഴിവെച്ച സുരേഷ് ഗോപി ഡയലോഗ് തിരഞ്ഞെടുപ്പിനു ശേഷവും ട്രോളർമാർക്ക് ആയുധമാണ്. ടിഎൻ പ്രതാപൻ കുതിപ്പ് തുടരുമ്പോൾ ഇക്കുറി ‍‌ഡയലോഗിന് അൽപം മാറ്റം വന്നുവെന്നു മാത്രം. ''ഈ തൃശൂർ നിങ്ങടെയാണ്, തൃശൂർ നിങ്ങളെടുത്തോ. ഈ തൃശൂർ നിങ്ങൾക്ക് ഞാൻ തന്നു'' എന്നായി രൂപമാറ്റം വന്നു സുരേഷ് ഗോപി ഡയലോഗിന്. ‍

‍‌‍വയനാടും കുമ്മനവും ആരിഫുമെല്ലാം ട്രോളുകളിലുണ്ട്. ഇത് ഉത്തരേന്ത്യയല്ലെന്നും വർഗീയത ഇവിടെ ഏൽക്കില്ലെന്നും ട്രോളർമാര്‍ പറയുന്നു. രാഹുലിൻറെ വയനാടന്‍ കുതിപ്പു കണ്ട് ഇത് എന്തൊരു പോക്കാണെന്ന് ആശ്ചര്യപ്പെടുന്ന സുനീറുമുണ്ട് ട്രോളിൽ. 

കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19 ഇടത്തും യുഡിഎഫ് ലീഡ് തുടരുകയാണ്. ആലപ്പുഴയിൽ എഎം ആരിഫിൻറെ മുന്നേറ്റം മാത്രമാണ് എൽഡിഎഫിൻറെ കേരളത്തിലെ ആശ്വാസം.