വിജയമുറപ്പിച്ചവരുടെ വീഴ്ചയും ദുര്‍ബലരെന്നു കരുതിയവരുടെ കുതിപ്പും ചേര്‍ന്ന് അത്യന്തം നാടകീയമായി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം. പാലക്കാട് വി.കെ.ശ്രീകണ്ഠന്റെയും ആലത്തൂരില്‍ രമ്യ ഹരിദാസിന്റെയും ജയം ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. ഒരിടത്തെങ്കിലും താമരവിരിയുമെന്ന ബിജെപി പ്രതീക്ഷയും അസ്ഥാനത്തായി.
ഏറ്റവും മോശം സാഹചര്യത്തിലും ഇടതുമുന്നണി ഉറപ്പിച്ചിരുന്ന പാലക്കാട്ട് വി.കെ.ശ്രീകണ്ഠന്‍ സകലരെയും ഞെട്ടിച്ചു. അഭിപ്രായസര്‍വേകള്‍ ഒന്നടങ്കം എതിരായപ്പോള്‍ നിരാശരായ അണികളെ ചേര്‍ത്തുനിര്‍ത്തി എം.ബി.രാജേഷിനെതിരെ ശ്രീകണ്ഠന്‍ പൊരുതിനേടിയ ജയത്തിന് പത്തരമാറ്റുണ്ട്. പാട്ടുപാടുന്നതല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് പരിഹസിച്ചവര്‍ക്കും അശ്ലീല പരാമര്‍ശം നടത്തിയ ഇടതുമുന്നണികണ്‍വീനര്‍ക്കും ചുട്ടമറുപടി നല്‍കി ആലത്തൂരെന്ന ചെങ്കോട്ടപിളര്‍ത്തിയ രമ്യ ഹരിദാസ് അല്‍ഭുതക്കുട്ടിയായി.
ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വ്യക്തിഹത്യക്കു വിധേയനായ എന്‍.കെ.പ്രേമചന്ദ്രന്റെ ജയം ഒരു രാഷ്ട്രീയ മറുപടിയാണ്. 1991ല്‍ ചിറയിന്‍കീഴ് മണ്ഡലമായിരുന്നപ്പോള്‍ സുശീലഗോപാലന്‍ ഉയര്‍ത്തിയ ചെങ്കൊടിയാണ് 28 വര്‍ഷത്തിനുശേഷം അടൂര്‍ പ്രകാശ് മിന്നും ജയത്തിലൂടെ ആറ്റിങ്ങലില്‍ താഴ്ത്തിയത്. പെരിയയില്‍ വീണ കൃപേഷിന്റെയും ശരത്ലാലിന്റെയും ചോരയ്ക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ പകരം വീട്ടിയപ്പോള്‍ തുളുനാട്ടിലെ ചെങ്കോട്ടയും തകര്‍ന്നടിഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരത്ത് ആഞ്ഞടിച്ച പ്രതിഷേധക്കാറ്റിലെ ഒറ്റത്തവണ അല്‍ഭുതമായിരുന്നു ജോയ്സ് ജോര്‍ജെന്ന് ഡീന്‍ കുര്യാക്കോസ് തെളിയിച്ചു. ഒളിക്യാമറ വിവാദത്തില്‍ പാര്‍ട്ടി സംശയിച്ചെങ്കിലും കോഴിക്കോട്ടുകാര്‍ രാഘവേട്ടനൊപ്പം നിന്നു. അക്രമരാഷ്ട്രീയത്തില്‍ പ്രതിസ്ഥാനത്തായ സിപിഎം, ഇരയായി പി.ജയരാജനെ ഉയര്‍ത്തിക്കാണിച്ചത് വടകരക്കാര്‍ തള്ളി. വിപ്ലവമണ്ണായ ആലപ്പുഴ എ.എം.ആരിഫ് തിരിച്ചുപിടിച്ചത് യുഡിഎഫ് പ്രളയത്തില്‍ മുങ്ങിപ്പോയി.
പക്ഷേ തൃശൂരുകാര്‍ സമ്മതം മൂളിയത് ടി.എന്‍.പ്രതാപനോട്, സുരേഷ് ഗോപി മൂന്നാമതായി. ശബരിമലയുടെ പേരില്‍ പത്തനംതിട്ടയെ ഇളക്കിമറിച്ച കെ.സുരേന്ദ്രനും ഫലം വന്നപ്പോള്‍ മൂന്നാമത്. തിരുവനന്തപുരത്തും ശബരിമല ബിജെപിയെ തുണച്ചില്ല. കഴിഞ്ഞതവണ അവസാനം വരെ ജയപ്രതീക്ഷ നിലനിര്‍ത്തിയിരുന്ന ഒ.രാജഗോപാലിന്റെ സ്വീകാര്യത കുമ്മനത്തിന് കിട്ടിയില്ലെന്നും ഫലം തെളിയിച്ചു.