anto-antony-election

സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മല്‍സരം നടന്ന പത്തനംത്തിട്ടയിൽ കോൺഗ്രസിന് വിജയം. മൂന്നാം തവണയും സിറ്റിങ് എം.പി ആന്റോ ആന്റണി 44,613 വോട്ടുകൾക്കാണ് കോൺഗ്രസ് കോട്ട കാത്തത്. 2009ൽ മണ്ഡലം രൂപീകൃതമായതു മുതൽ  കോൺഗ്രസിലെ ആന്റോ ആന്റണിയാണ് ഡൽഹിയിൽ പത്തനംതിട്ടയെ പ്രതിനിധീകരിക്കുന്നത്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. സിപിഎമ്മിന് വേണ്ടി 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറൻമുളയിൽ കോൺഗ്രസിനെ അട്ടമറിച്ച എൽഡിഎഫിലെ വീണ ജോർജ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനാണ് മൂന്നാം സ്ഥാനത്ത്. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ടെണ്ണൽ നടന്നത്.

ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായതും ശബരിമലയിലെ യുവതീപ്രവേശം വിഷയം തന്നെയാണ്. ഇതിൽ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി, ശബരിമല സമരങ്ങളുെട മുന്നണി പോരാളി കെ.സുരേന്ദ്രേനെ തന്നെ രംഗത്തിറിക്കിയതും. ഇതിലൂടെ ഭൂരിപക്ഷ ഏകീകരണം ഉണ്ടായി എന്നാണ് വിലയിരുത്തല്‍. ബി.ജെ.പി വോട്ടുകള്‍ ഈ നിലയ്ക്ക് വർധിച്ചു. എന്നാൽ വിജയിക്കാനാവശ്യമായ 380,089 വോട്ടുകൾ പെട്ടിയിലാക്കാൻ സുരേന്ദ്രന് കഴിഞ്ഞില്ല. 

2016ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ശക്തനായ നേതാവ് ശിവദാസൻ നായരെ അട്ടിമറിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മാധ്യമ പ്രവർത്തകയാണ് വീണാ ജോർ‍ജ്‍. വീണ്ടുമൊരു അട്ടിമറി പ്രതീക്ഷിച്ചാണ് സിപിഎം ഇത്തവണ വീണയെ തന്നെ രംഗത്തിയിറക്കിയത്. സിറ്റിങ് എം.പിയുടെ മണ്ഡലത്തിലെ അസാന്നിധ്യവും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുമായിരുന്നു സിപിഎമ്മിന്റെ പ്രചാരണായുധം. ഡിസിസിയുടെ സ്ഥാനാർഥി പട്ടികയിൽ ആന്റോ ആന്റണിയുടെ പേര് ഇല്ലാതിരുന്നതും സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ പ്രതീക്ഷ നൽകി. എന്നാൽ ഇതിനെയെല്ലാം അസ്ഥാനത്താക്കിയാണ് ആന്റോ ആന്റണി വിജയം കൈവരിച്ചത്. 

പ്രചാരണത്തിലെ വീറും വാശിയും വോട്ടെടുപ്പിലും പ്രതിഫലിച്ചു. പത്തനംതിട്ടയിൽ ഇത്തവണ വോട്ട് ചെയ്തവരുടെ എണ്ണം ചരിത്രത്തിലാദ്യമായി 10 ലക്ഷം കവിഞ്ഞു. 7 നിയമസഭാ മണ്ഡലത്തിലും കനത്ത പോളിങ് ആയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ പോളിങ് 8 ശതമാനത്തോളം ഇത്തവണ പത്തനംതിട്ടയിൽ ഉയർന്നിരുന്നു. 2014ൽ 66.01 ആയിരുന്ന പോളിങ്ങ് ശതമാനം ഇത്തവണ 73.71 ശതമാനമായി ഉയർന്നു. മിക്ക നിയമസഭാ മണ്ഡലങ്ങളിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാളും വോട്ടുശതമാനത്തിൽ കുതിപ്പുണ്ടായിരുന്നു. 

എഴ് നിയമസഭാ മണ്ഡലങ്ങളിൽ അടൂർ ഒഴികെ 6 എണ്ണത്തിലും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചപ്പോൾ ഒരിടത്തുമാത്രമാണ് എൽഡിഎഫിന് നേട്ടം കൊയ്യാനായത്. സ്വന്തം നിയോജകമണ്ഡലമായ ആറൻമുളയിലും വീണ രണ്ടാം സ്ഥാനത്തേക്ക് പോയി. ഇവിടെ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. അടൂർ നിയോജകമണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയും കോന്നിയും മാത്രം യുഡിഎഫിനൊപ്പം നിന്നപ്പോൾ പൂഞ്ഞാറിൽ ഇപ്പോൾ എൻഡിഎയുടെ ഭാഗമായ പി.സി ജോർജ്ജിന് 27,821 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. അടൂർ, തിരുവല്ല, റാന്നി, ആറന്മുള എന്നിവിടങ്ങളാണ് ഇടതുപക്ഷത്തെ പിന്തുണച്ചത്.

15ാം വയസിൽ തുടങ്ങിയതാണ് ആന്റോ ആന്റണി തന്റെ രാഷ്ട്രീയ പ്രവർത്തനം. കെഎസ്‌യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് ഭാരവാഹിയായി. കോട്ടയം ഡിസിസി പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 2004ൽ ആദ്യ തിരഞ്ഞെടുപ്പ്. അന്ന് ശക്തമായ എൽഡിഎഫ് തരംഗത്തിൽ സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് കോട്ടയത്ത് കന്നിയങ്കത്തിൽ തോറ്റു. പിന്നീട്, 2009ൽ പത്തനംതിട്ട ലോക്സഭ മണ്ഡലം രൂപീകൃതമായപ്പോൽ തട്ടകം ഇവിടേക്ക് മാറ്റി. സിപിഎം ജില്ല സെക്രട്ടറിയായിരുന്ന കെ. അനന്തഗോപനെ ഒരു ലക്ഷത്തിൽപരം വോട്ടിന് തോൽപ്പിച്ച് ആദ്യമായി ലോക്സഭയിലെത്തി. പിന്നീട് 2014ൽ കോൺഗ്രസ് വിട്ട ഇടതുമുന്നണി സ്ഥാനാർഥി ഫിലീപ്പോസ് തോമസിനെ പരാജയപ്പെടുത്തി വീണ്ടും ലോക്സഭയിൽ. ഇത്തവണ രാജ്യം മുഴുവൻ ശ്രദ്ധിച്ച ശക്തമായ ത്രികോണ മൽസരത്തിനൊടുവിലാണ് ആന്റോ തന്റെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയത്.