കേരളം ഒരു ആനയെയും ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ലെന്ന് ഈ ദൃശ്യങ്ങള്‍ പറയുന്നു. വൻജനക്കൂട്ടം രാമരാജാവേ... എന്ന് ആർപ്പുവിളിച്ച് സ്വീകരിച്ച അവൻ മടങ്ങുമ്പോൾ പൂരനഗരി ഇന്നോളം കാണാത്ത കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്. തെക്കേഗോപുര നട തള്ളി തുറന്നെത്തിയ അവനെ വമ്പൻ ആർപ്പുവിളികളോടെയാണ് ജനം സ്വീകരിച്ചത്. നെയ്തലക്കാവിലമ്മയുടെ തിടമ്പ് രാമചന്ദ്രൻ ഉയർത്തിപ്പിടിച്ച് ഇരുചെവികളും വീശി രാജകീയമായി അടിവച്ച് എത്തിയപ്പോൾ ആവേശം വാനോളമായി.
ലോറിയിൽ രാമചന്ദ്രന്‍ തിരികെ മടങ്ങുന്ന കാഴ്ച കാണേണ്ടതായിരുന്നു. രാമരഥം എന്ന ലോറിയിൽ കയറി നിന്ന് കൂട്ടം കൂടി നിന്ന ആളുകളെ നോക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തു. ഇനി അടുത്ത തവണ കാണാം എന്ന അർഥത്തിലുള്ള അവന്റെ മടക്കിപ്പോക്കിന് രാമാ ..രാമാ എന്ന വിളിയായിരുന്നു ജനത്തിന്റെ മറുപടി. ആർപ്പുവിളിച്ച് രാമരഥത്തിന് പിന്നാലെ ജനം കൂടി. ഭംഗിയായി ചടങ്ങുകള്‍ കഴിഞ്ഞ ആശ്വാസമായിരുന്നു ജില്ലാ ഭരണകൂടത്തിന്.
നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂരം പുരം വിളംബരം ചെയ്തത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേഗോപുര നട തള്ളിത്തുറന്നു.
തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ സ്വീകരിക്കാന്‍ വന്‍ജനാവലി മണികണ്ഠനാല്‍ പരിസരത്തും തെക്കേഗോപുര നടയിലും തടിച്ചുകൂടി. പൊതുജനങ്ങളെ 10 മീറ്റര്‍ ചുറ്റളളില്‍ ബാരക്കേഡ് കെട്ടി നിയന്ത്രിച്ചിരുന്നെങ്കിലും പൂരാവേശത്തിന് അത് തടസമായില്ല. ആര്‍പ്പുവിളികളോടെയും ആരവത്തോടെയുമാണ് പുരപ്രേമികള്‍ രാമചന്ദ്രനെ വരവേറ്റത്. ബാരിക്കേഡ് കടന്ന് പൊതുജനം ആനയുടെ അടുത്തേക്ക് നീങ്ങാതിരിക്കാന്‍ പൊലീസിനും പാടുപെടേണ്ടിവന്നു. മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഒരു മണിക്കൂര്‍ സമയമാണ് എഴുന്നള്ളത്തിനായി രാമചന്ദ്രന് കലക്ടര്‍ അനുവദിച്ചത്. രാവിലെ കുറ്റൂര്‍ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട നെയ്തലക്കാവിലമ്മയുടെ തിടമ്പ് മണികണ്ഠനാല്‍ വരെ തെച്ചിക്കോട്ടുകാവ് ദേവീദാസനാണ് എഴുന്നള്ളിച്ചത്.