പ്രതിസന്ധികൾക്കും ചർച്ചകൾക്കും രോഷങ്ങൾക്കും വിരാമമിട്ട് പ്രത്യേക നിബന്ധനകളോട് പൂരം കൂടാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പുറപ്പെട്ടു. രാവിലെ പുറപ്പെടുമ്പോൾ തന്നെ ഇരുചക്രവാഹനത്തിൽ അവന്റെ പിന്നാലെ ആരാധക കൂട്ടമാണ്. കേരളത്തിൽ മറ്റൊരാനയ്ക്കും ലഭിക്കാത്ത സ്വീകാര്യതയും ആരാധകകൂട്ടവുമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇൗ വാർത്തകളിലൂടെ വീണ്ടും സ്വന്തമാക്കുന്നത്.
ആരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ?
കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള (തലപ്പൊക്കം) നാട്ടാനകളില്ലൊന്ന്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ലക്ഷണമൊത്ത 18 നഖം, നിലത്തിഴയുന്ന തുമ്പിക്കൈ. നാട്ടാനകളിൽ ആദ്യത്തെ ഫാൻസ് അസോസിയേഷൻ. ജനനം 1964-ലാണെന്നാണ് ഏകദേശ കണക്ക്. അസമിലെ കാട്ടില്‍നിന്ന് പേരില്ലാതെ ബിഹാറിലെത്തി. അവിടെവച്ച് മോട്ടി പ്രസാദായി, പിന്നീട് തൃശൂരിലെത്തി ഗണേശൻ എന്നു പേരുവീണു. തൃശൂർ വെങ്കിടാദ്രി രാജുനാരായണസ്വാമിയിൽ നിന്ന് 1984–ലാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതർ ആനയെ വാങ്ങിയത്.
ചിലയിടത്ത് ഏക്കമില്ലാതെ ആനയെ എഴുന്നള്ളിപ്പിനു വിടും. 3000– മുതൽ 50,000 രൂപ വരെ ഏക്കം ലേലത്തിൽ കിട്ടാറുണ്ട്. ചില കമ്മിറ്റിക്കാർ തമ്മിലുള്ള മൽസരത്തിൽ ഇത് 2 ലക്ഷം വരെ എത്തും. ഇതു പക്ഷേ, 2 വർഷത്തിലൊരിക്കലാണെന്ന് ദേവസ്വം അധികൃതർ പറയുന്നു. ഏക്കത്തുകയില്‍ ഗുരുവായൂര്‍ കേശവനെ മറികടന്ന് 2.5 ലക്ഷം രൂപ ലഭിച്ചതിന്റെ റെക്കോർഡുണ്ട് രാമചന്ദ്രന്. 317 സെന്റീ മീറ്ററാണ് രാമചന്ദ്രന്റെ ഉയരം.
കേരളത്തിൽ വലിയ പൂരങ്ങൾക്ക് എഴുന്നള്ളിക്കുന്ന ഒരാനയുടെ ഉയരം 285 സെന്റി മീറ്റർ മുതൽ 300 സെന്റീ മീറ്റർ വരെയാണ്.
രാമചന്ദ്രനും തൃശൂർ പൂരവും
പൂരത്തിനു തലേന്നു കൂറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്ന് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്ന ചടങ്ങിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപയോഗിക്കുന്നത്. അമ്മയുടെ തിടമ്പുമേന്തി വടക്കുന്നാഥനിലെത്തി തെക്കേ ഗോപുര നട മുട്ടിത്തുറന്ന് പുറത്തെത്തി പടിഞ്ഞാറേ നടയിൽ വന്ന് പൂരം വിളംബരം ചെയ്യുന്നതാണ് ചടങ്ങ്. ഈ ചടങ്ങിന് ഏക്കം നോക്കിയല്ല, വഴിപാടായിട്ടാണ് ആനയെ നൽകാറുള്ളത്. 2014ലാണ് ആദ്യമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിയോഗിക്കുന്നത്. ഉയർന്ന മസ്തകവും നിലത്തിഴയുന്ന തുമ്പികൈയ്യും ചേർന്ന് ലക്ഷണമൊത്ത ആന എന്നതു തന്നെയാണ് ഇത്രയേറെ പ്രശസ്തിക്കു കാരണം. രാമചന്ദ്രൻ ഇൗ ചടങ്ങിന് തിടമ്പേറ്റിയതിന് പിന്നാലെ വൻജനക്കൂട്ടമാണ് കാണാനെത്തുന്നത്.