vytila-thripunithura

വൈറ്റില പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുളള മെട്രോ പാതയുടെ നിര്‍മാണത്തിനായുളള സ്ഥലമേറ്റെടുപ്പ് നടപടികള്‍ ഈ മാസം മുപ്പത്തിയൊന്നിനകം പൂര്‍ത്തിയാക്കുമെന്ന് കെഎംആര്‍എല്‍. നാല് ദശാംശം ഏഴ് അഞ്ച് ഏക്കര്‍ സ്ഥലമാണ് മെട്രോ നിര്‍മാണത്തിനും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഏറ്റെടുക്കുക. ഡിഎംആര്‍സിയുമായുളള കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ കെഎംആര്‍എല്‍ നേരിട്ടാവും ഈ പാതയിലെ നിര്‍മാണം നടത്തുകയെന്ന പ്രത്യേകതയുമുണ്ട്.

193 സ്ഥലമുടമകളില്‍ നിന്നാണ് പേട്ട തൃപ്പൂണിത്തുറ പാതയിലെ മെട്രോ നിര്‍മാണത്തിനായുളള സ്ഥലം ഏറ്റെടുക്കുന്നത്. വടക്കേക്കോട്ടയിലും എസ്.എന്‍.ജങ്ഷനിലും സ്റ്റേഷനുകളുടെ നിര്‍മാണത്തിനും മെട്രോ പാതയ്ക്കുമായി രണ്ടേക്കറും,അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ദശാംശം ഏഴ് അഞ്ച് ഏക്കറും സ്ഥലം. ഇത്രകാലം ഡിഎംആര്‍സിയാണ് മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയിരുന്നതെങ്കില്‍ ഇനി മുതല്‍ കെഎംആര്‍എല്‍ നേരിട്ടാണ് നിര്‍മാണം. നിര്‍മാണ കരാര്‍ നല്‍കാനുളള  ടെന്‍ഡര്‍ നടപടികള്‍ ഈ മാസം 27ന് തുടങ്ങും. പദ്ധതി രൂപരേഖ തയാറാക്കാനുളള കണ്‍സള്‍ട്ടന്‍റ് ആയി എല്‍ ആന്‍ഡ് ടി ഗ്രൂപ്പിനെ കെഎംആര്‍എല്‍ തിരഞ്ഞെടുത്തു കഴിഞ്ഞു.  3.06 കോടി രൂപയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. പാരിസ്ഥിതിക മേല്‍നോട്ടത്തിനും,റോഡ് വികസനത്തിനുമുളള കരാറുകളും വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കി. 123 കോടി രൂപയാണ് പേട്ട തൃപ്പൂണിത്തുറ പാതയിലെ മെട്രോ അനുബന്ധ വികസന പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.