pooram-ilanji

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇലഞ്ഞിമരം പൂത്തുലഞ്ഞു. ഇലഞ്ഞി പൂത്താല്‍ തൃശൂര്‍ പൂരത്തിന് പകിട്ടേറുമെന്നാണ് ദേശക്കാരുടെ വിശ്വാസം. 

 

പാണ്ടിമേളത്തിന്‍റെ താളത്തിനൊപ്പം ഉലയാന്‍ ഇലഞ്ഞി മരം ഒരുങ്ങി. ഇലഞ്ഞി മരങ്ങളില്‍ പൂക്കള്‍ കാണാം. ഇലഞ്ഞിയുടെ ചുവട്ടിലാണ് ലോകത്തെ ഏറ്റവും വലിയ വാദ്യമേളം അരങ്ങേറാന്‍ പോകുന്നത്. എന്നൊക്കെ ഇലഞ്ഞി പൂത്തിട്ടുണ്ടോ അപ്പോഴെല്ലാം പൂരം കെങ്കേമമായി ആഘോഷിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. വടക്കുന്നാഥന്‍റെ അനുഗ്രഹമായാണ് കാണുന്നത്. ഇലഞ്ഞി മരത്തിന്‍റെ തണലിനു കീഴെ മേളക്കാര്‍ അണിനിരക്കും. 250 വാദ്യ കലാകാരന്മാര്‍ അണിനിരക്കുന്ന മേളമാണ് ഇലഞ്ഞി ചുവട്ടില്‍ അരങ്ങേറുക. പ്രത്യേക പന്തലും സമീപത്തായി കെട്ടിയുയര്‍ത്തും. 

 

 

ക്ഷേത്രത്തിനകത്തു കൊട്ടുന്ന ഏക പാണ്ടിമേള]മാണ് ഇലഞ്ഞിത്തറ മേളം. പാറമേക്കാവിലമ്മ ആദ്യം വന്നിരുന്നത് ഇലഞ്ഞിമര ചുവട്ടിലാണെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് ഇലഞ്ഞിത്തറ മേളം കൊട്ടുന്നത്.  നേരത്തെയുണ്ടായിരുന്ന ഇലഞ്ഞി മരം കാറ്റിലും മഴയിലും വീണുപോയിരുന്നു. അതിനു ശേഷമാണ് പുതിയത് നട്ടത്. 2001 സെപ്തംബര്‍ പതിനൊന്നിനു നട്ട ഇലഞ്ഞി തൈയാണ് വളര്‍ന്നു പന്തലിച്ചത്. തൃശൂര്‍ പൂരത്തിന്‍റെ മുഖ്യ ആകര്‍ഷണമാണ് ഇലഞ്ഞിമര ചുവട്ടിലെ ഇലഞ്ഞിത്തറ മേളം.