മലയാള സിനിമയുടെ തറവാടായ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ ഇനി ഓര്‍മകളിലേക്ക്. ഉദയയുടെ മണ്ണില്‍ ഇനി ഹോട്ടലോ കല്യണ മണ്ഡപമോ  ഉയരും. വിദേശ മലയാളിക്ക് വിറ്റതോടെയാണ് സ്റ്റുഡിയോ പൊളിക്കാൻ തീരുമാനമായത്. ആലപ്പുഴയില്‍ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ട സ്മാരകമാണ് ഇതോടെ ഇല്ലാതാവുന്നത്.

 

ഉദയ സ്റ്റുഡിയോയില്‍നിന്ന് വെള്ളിത്തിരയിലേക്ക് ആദ്യം ഇറങ്ങിയത് വെള്ളിനക്ഷത്രമായിരുന്നു. പടം കുഞ്ചാക്കോയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തി. പക്ഷേ നിരാശപ്പെട്ട് പിന്‍മാറിയില്ല. പിന്നീട് വന്ന നല്ലതങ്കയും ജീവിതനൗകയുമെല്ലാം ഹിറ്റായി. അങ്ങിനെ മലയാള സിനിമയാകുന്ന ഭൂഗോളത്തിന് മുകളില്‍ ഉദയായുടെ പൂവന്‍ കോഴി ഉച്ചത്തില്‍ കൂവി.

 

ഷീലയും നസീറുമെല്ലാം പാടിനടന്ന താമരക്കുളം, രാഗിണി കോട്ടേജ്, നർത്തകിയുടെ പ്രതിമ... ഈ കാഴ്ചകള്‍ ഇനി കുറച്ചുനാളെ ഉണ്ടാവു.  സ്റ്റുഡിയോയ്ക്ക് മുന്നിലെ കന്യാമറിയത്തിന്റെ രൂപം ആദ്യംതന്നെ എടുത്തുമാറ്റി. കുഞ്ചാക്കോ കുടുംബം വിറ്റതിന് ശേഷവും ഇവിടെ സിനിമകളും സീരിയലുകളും ചിത്രീകരിച്ചിരുന്നു. സ്റ്റുഡിയോ തുടരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പൊളിക്കുന്നതെന്ന് പുതിയ ഉടമ പറയുന്നു. പക്ഷേ പലര്‍ക്കും അതൊരു വേദനയാണ്.

 

ഏഴുപതിറ്റാണ്ടിന്റെ ചരിത്രശേഷിപ്പുകളാണ് ഇവിടെ അസ്തമിക്കുന്നത്. ഇനിയൊരു ഉദയമില്ലാതെ.