കുന്നംകുളം സ്പെഷല്‍ സ്കൂളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ നിര്‍മിച്ച നോട്ടുപുസ്തകങ്ങള്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിറ്റഴിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ ശ്രമം. പുസ്തകം വിറ്റുകിട്ടുന്ന പണം ഭിന്നശേഷി വിദ്യാര്‍ഥികളുടെ വരുമാനമെന്ന് ഓര്‍മിപ്പിക്കുകയാണ് കുന്നംകുളത്തെ സന്നദ്ധപ്രവര്‍ത്തകര്‍.
കുന്നംകുളം സ്പെഷല്‍ സ്കൂളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ ആറായിരം നോട്ടുപുസ്തകങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അവരുടെ ചിത്രം പ്രിന്‍റ് ചെയ്ത കവറാണ് പ്രത്യേകത. പുസ്തകമൊന്നിന് അന്‍പതു രൂപയാണ് നിരക്ക്. മറ്റിടങ്ങളില്‍ നിന്ന് വിലക്കുറവിന് പുസ്തകങ്ങള്‍ ലഭിച്ചേക്കാം. പക്ഷേ, ഭിന്നശേഷിയുള്ള കുട്ടികള്‍ നിര്‍മിച്ച ഈ പുസ്തകം വാങ്ങിയാല്‍ കാരുണ്യ പ്രവര്‍ത്തനത്തില്‍ കൂടി പങ്കാളിയാകാം. സ്പെഷല്‍ സ്കൂളിന്‍റെ അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും പുസ്തകം വിറ്റഴിച്ച് വിദ്യാര്‍ഥികളെ സഹായിക്കാനുള്ള ശ്രമത്തിലാണ്. സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയായവരാണ്. ഇവരുടെ പുനരധിവാസം കൂടി ഉറപ്പാക്കുകയാണ് നോട്ടുപുസ്തക നിര്‍മാണ പദ്ധതി.
പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ പലയിടങ്ങളിലും എക്സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും തന്നെയാണ് പ്രദര്‍ശന സ്റ്റാളുകളില്‍ പുസ്തകം വില്‍ക്കാന്‍ ഇരിക്കുന്നത്. നോട്ടുപുസ്തകങ്ങള്‍ പരമാവധി കുട്ടികളെ കൊണ്ടുവാങ്ങിപ്പിച്ച് ഭിന്നശേഷിക്കാരുടെ വരുമാനം ഉറപ്പാക്കാനാണ് ശ്രമം.