കൊലപാതക കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന  ഏഴ് തടവുകാരെ മോചിപ്പിക്കണമെന്ന ശുപാര്‍ശ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ ഗവര്‍ണര്‍ക്ക് കൈമാറി. പതിനാല് മുതല്‍ ഇരുപത്തിയൊന്ന് വര്‍ഷം വരെ ശിക്ഷ പൂര്‍ത്തിയാക്കിയവരെ വിട്ടയക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്

 

മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പ് നല്‍കിയശുപാര്‍ശ മന്ത്രിസഭക്ക് മുന്നില്‍കൊണ്ടു വന്നത്. കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട രവീന്ദ്രൻ,ശ്രീധരൻ,സ്കറിയ തോമസ്,തങ്കച്ചൻ,ഹരി,രവീന്ദ്രൻ, അരീക്കാടൻ സെയ്താലി എന്നിവരെ വിട്ടയയ്ക്കണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. ഇവരെ മോചിപ്പിക്കാമെന്ന് ജയിൽ ഉപദേശക സമിതിയും അഭിപ്രായപ്പെട്ടിരുന്നു.

ഭാര്യയുടെ അമമ്യെ കൊലപ്പെടുത്തിയ കേസിൽ തലശേരി സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ച രവീന്ദ്രനാണ് ഇതില്‍ഏറ്റവും ദീര്‍ഘകാലം ശിക്ഷ അനുഭവിച്ചയാള്‍.  21 വര്‍ഷമായി ഇയാള്‍ ജയിലിലാണ്. 

നാരായണൻ നമ്പ്യാരെന്നയാളെ കൊലചെയ്ത കേസിൽ കോഴിക്കോട് സെഷൻസ് കോടതി ശിക്ഷിച്ച ശ്രീധരൻ,18 വർഷവും ആറുമാസവും ശിക്ഷ പൂർത്തിയാക്കിയിട്ടുണ്ട്.കണ്ണൻ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സ്കറിയാ തോമസ് 15 വർഷവും 10 മാസവും ശിക്ഷ പൂർത്തിയാക്കി.  ഭാര്യയെയും അയൽവാസിയെയും കൊലപ്പെടുത്തിയ കേസില്‍ രവീന്ദ്രൻ 15 വർഷമായി തടവിലാണ്. 

ഭാര്യയെ കൊന്ന കേസിൽ വയനാട് കോടതി ശിക്ഷിച്ച തങ്കച്ചന്‍  സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അരീക്കാടൻ സെയ്ദാലി എന്നിവര്‍  14 വർഷം വീതം തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഗവര്‍ണര്‍ മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ചാലും മെയ് 23 വരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി കൂടിലഭിച്ചാലെ ഉത്തരവിറക്കാനാകൂ.