vadakara

കോഴിക്കോട് വടകരയില്‍ ആര്‍.എം.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. ഒഞ്ചിയം സമരസേനായിയുടെ മകന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ ഒരു സംഘം കല്ലെറിഞ്ഞത്. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്‍.എം.പി ആരോപിച്ചു. വടകരയില്‍ പരാജയ ഭീതി മൂലം സി.പി.എം. ആക്രമണം അഴിച്ചുവിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാചന്ദ്രനും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധനും ആരോപിച്ചു.

ഒഞ്ചിയം സമര സേനാനി മനക്കല്‍ താഴെ ഗോവിന്ദന്റെ കുടുംബത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഗോവിന്ദന്റെ മകന്‍ സുനിലിന്റെ വീടിനു നേരെ കല്ലെറിയുകയായിരുന്നു. ജനല്‍ ചില്ലുകള്‍ തകർന്ന കല്ലുകള്‍ വീടിനുള്ളില്‍ പതിച്ചു. സജീവ ആര്‍.എം.പി പ്രവര്‍ത്തകനാണ് സുനില്‍. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതു മുതല്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് ഭീഷണി ഉണ്ടായിരുന്നു.  ഇതിന്റെ തുടർച്ചയായാണ് ആക്രണമെന്നാണ് ആര്‍‌എംപിയുടെ ആരോപണം. ആക്രമണം നടന്ന വീട് കെ.പി.സി.സി പ്രസഡിന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥനാര്‍ഥി കെ.മുരളീധരനും സന്ദര്‍ശിച്ചു. പരാജയഭീതി മുലം സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് ഇരുവരും ആരോപിച്ചു

വോട്ടു പോള്‍ ചെയ്തതിനെ സംബന്ധിച്ചുള്ള അവകാശവാദം വടകരയില്‍ ആര്‍.എംപി., സി.പി.എം. തർക്കത്തിന് കാരണമായിരുന്നു.  ഇത് വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.