‘എനിയ്ക്ക് ആരോടും വിരോധമില്ല, വെറുപ്പില്ല, അത് എന്നെ തകര്‍ക്കാന്‍ ശ്രമിച്ചവരോട് ആണെങ്കിലും അങ്ങനെ തന്നെ’. കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ മാണി സാര്‍ എന്നു മനസില്‍ തട്ടി വിളിച്ചതും കെ.എം.മാണിയുടെ ഈ നിലപാടുകൊണ്ടു തന്നെ. അലക്കിത്തേച്ച വെള്ള ജുബ്ബയില്‍ വെട്ടിത്തുറന്ന് ചിരിച്ച് അടുത്തെത്തുന്നവരെ പരിചിതരെന്നോ അപരിചിതരെന്നോ ഉള്ള വ്യത്യാസമില്ലാതെ കരംഗ്രഹിച്ച് സംസാരിക്കുന്ന മാണി സാര്‍. മണ്ണിനോട് മല്ലടിച്ച് വിയര്‍പ്പുകൊണ്ട് അപ്പം വിളയിക്കുന്നവർക്കായി അധ്വാനവര്‍ഗമെന്ന സിദ്ധാന്തത്തെ കേരളാ കോണ്‍ഗ്രസിന്‍റെ മാനിഫെസ്റ്റോയാക്കിയ കര്‍ഷക സ്നേഹി. സ്വന്തം മണ്ഡലമായ പാലായെ രണ്ടാം ഭാര്യയെന്ന് പോലും വിളിച്ച ജനപ്രതിനിധി.
വളരുംതോറും പിളരും
കേരളാ കോണ്‍ഗ്രസിന്‍റെ പിളര്‍പ്പുകള്‍ക്ക് കെ.എം.മാണി തന്നെ ഒരു വിശേഷണം നല്‍കിയിരുന്നു. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാനം. ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ ഒട്ടും അതിശയോക്തി ഇല്ലെന്ന് മനസിലാകും. എത്ര തവണ പാർട്ടി പിളർന്നുവെന്ന് മാണി സാറിന് പോലും പറയാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ പിളർന്നു മാറിയവരെല്ലാം രാഷ്ട്രീയത്തിൽ പിടിച്ചു നില്ക്കാൻ വീണ്ടും മാണിയുമായി കൂട്ടുചേരുന്നതായിരുന്നു കേരള കോൺഗ്രസ് ചരിത്രം. ഇവിടെയും മാണിയെ പരാജയപ്പെടുത്താൻ ആർക്കും കഴിഞ്ഞില്ല
പാലായുടെ മെയ്‌വഴക്കം
മണ്ണിനോട് പോരാടുന്ന, പ്രതിസന്ധികളില്‍ റബ്ബറിന്‍റെ മെയ് വഴക്കത്തോടെ പ്രതികരിക്കുന്ന പാലാ, സ്വന്തം ഛായയിലും സാദൃശ്യത്തിലും നിര്‍വഹിച്ച രാഷട്രീയ സൃഷ്ടിയായിരുന്നു കെ.എം.മാണി. സ്വന്തം പേര് ബ്രായ്ക്കറ്റിൽ വഹിച്ച പാർട്ടിയെ കേരള രാഷ്ട്രീയത്തിന്റെ താക്കോൽസ്ഥാനത്തു തന്നെ അദ്ദേഹം നിലനിർത്തി. നെടുകെ പിളര്‍ന്ന ഘട്ടങ്ങളിലും, പിളർന്ന ഇടങ്ങളിൽനിന്നു പാര്‍ട്ടിയെ വളർത്തിയെടുത്ത ചരിത്രമാണ് മാണിയ്ക്കുണ്ടായിരുന്നത്. ഈ ആത്മവിശ്വാസം അദ്ദേഹത്തിന് ലഭിച്ചത് എന്നും ഒപ്പം നിര്‍ത്തിയിരുന്ന കര്‍ഷക സമൂഹത്തില്‍ നിന്ന് തന്നെയായിരുന്നു. ഘടനാപരമായ സവിശേഷതകൊണ്ടു മധ്യതിരുവിതാംകൂറിലും കുടിയേറ്റനാടുകളിലുംം മാത്രം ഒതുങ്ങിപ്പോകാമായിരുന്ന ഒരു കക്ഷിയെ തന്ത്രപൂർവമായ നീക്കങ്ങൾകൊണ്ട് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ദിശ നിയന്ത്രിക്കുന്ന ശക്തിയാക്കി. ഇടതുവലതുമുന്നികള്‍ക്ക് കെ.എം.മാണി ഒരു പോലെ സ്വീകാര്യനായിരുന്നു.
രാഷ്ട്രീയമായി കടുത്ത അഗ്നി പരീക്ഷണങ്ങള്‍ നേരിട്ട 2016ല്‍ പോലും പാലായില്‍ അദ്ദേഹത്തിന് അടിപതറാതിരുന്നത് കെ.എം.മാണിയുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടുമാത്രമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ ഒരിക്കല്‍ പോലും മാണിസാറിനെ പ്രകോപിതനായി കണ്ടിട്ടില്ല. നിറഞ്ഞ ചിരിയോടെ ക്യമാറയ്ക്ക് മുന്നിലേക്കെത്തുന്ന മാണിസാറിന്‍റെ മുഖം ഒരിക്കലും മനസില്‍ നിന്ന് മായില്ല. പ്രകോപനപരമായ ചോദ്യങ്ങളില്‍ നിന്നുപോലും ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല.
രാഷ്ട്രീയമായി കടുത്ത അഗ്നി പരീക്ഷണങ്ങള്‍ നേരിട്ട 2016ല്‍ പോലും പാലായില്‍ അദ്ദേഹത്തിന് അടിപതറാതിരുന്നത് കെ.എം.മാണിയുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടുമാത്രമാണ്. അസുഖ ബാധിതനാണെന്നറിഞ്ഞപ്പോഴും പഴയ ഊര്‍ജസ്വലതയോടെ മാണി സാര്‍ തിരിച്ചുവരുമെന്നായിരുന്നു, അല്ല വരണമെന്നായിരുന്നു ഞാനുള്‍പ്പെടെ എല്ലാ പാലാക്കാരും ആഗ്രഹിച്ചത്. പക്ഷെ അതുണ്ടായില്ല. മാണി സാറിന്‍റെ ഭൗതിക ശരീരം കാത്ത് 21 മണിക്കൂറോളം അദ്ദേഹത്തിന്‍റെ വീട്ടിലിരുന്നപ്പോള്‍ ഒരായിരം ഒാര്‍മകളാണ് മനസിലൂടെ പോയത്. സ്വതസിദ്ധമായ ചിരിയോടെ കയ്യില്‍ പിടിച്ചുള്ള സംസാരം അതങ്ങനെ കൂടെത്തന്നെ നിന്നു. വിലാപ യാത്ര കൊച്ചിയില്‍ നിന്ന് തുടങ്ങുന്നതിന് മുമ്പ് തന്നെ പാലായിലെ മാണി സാറിന്‍റെ വീട്ടില്‍ നിന്ന് ലൈവ്. പറയാനൊരുപാടുണ്ട്. അവസാന നിമിഷം തോന്നി. മാണി സാറിന്‍റെ ഒാഫീസ് മുറിയില്‍ കയറി ലൈവ് കൊടുക്കാമെന്ന്. മാണി സാര്‍ ഇരുന്ന വെറുമൊരു മുറി മാത്രമല്ലത്. ദശാബ്ദങ്ങളോളം എത്രയോപേര്‍ക്ക് ഇവിടെ സഹായമെത്തിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിന്‍റെ സംഭവഭരിതമായ പല ഏടുകളും പിറന്ന മുറിയില്‍ ആ ഓര്‍മകള്‍ മുഴങ്ങിനിന്നു. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അരികെ നിന്ന് കണ്ട അഞ്ചു വര്‍ഷങ്ങള്‍. എത്ര അഭിമുഖങ്ങള്‍, എത്ര ബ്രേക്കിങ് ന്യൂസുകള്‍. അതൊന്നും ഇനിയില്ല. ആ മുറിയില്‍ നിന്നപ്പോള്‍ ഓര്‍മകള്‍ക്ക് വല്ലാത്ത ഭാരം തോന്നി. മിസ് യു മാണി സാര്‍.
വയസ്സ് 84ലും ചുറു ചുറുക്കോടെ കെ.എം.മാണി ഇറങ്ങിയ അദ്ദേഹത്തിന്‍റെ പാലായിലെ അവസാന തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ സഞ്ചരിക്കുന്ന വിഡിയോ കാണാം.