insurance

സംസ്ഥാനത്ത് പുതുതായി തുടങ്ങിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്  പദ്ധതിയുടെ റജിസ്ട്രേഷന്‍  നടപടികള്‍ അവതാളത്തില്‍. വിവിധ ആശുപത്രികളില്‍ താല്‍ക്കാലികമായി ആരംഭിച്ച എന്‍ റോള്‍മെന്റ് കൗണ്ടറുകളില് ഗുണഭോക്താക്കള്‍ക്കുള്ള കാര്‍ഡ് ലഭ്യമാക്കുന്നതുള്‍പ്പെടെ വൈകുന്നു. അടിയന്തര ചികില്‍സാസഹായം ആവശ്യമുള്ളവര്‍പോലും ദിവസങ്ങളോളം ഓഫിസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്.  

പഴയ ആരോഗ്യസ്കീമുകളില്‍ ഉള്‍പ്പെട്ടവരും പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പുതുതായി റജിസ്റ്റര്‍ ചെയ്യണം. ഡയാലിസിസ്, ശസ്ത്രക്രിയയുള്‍പ്പെടെയുള്ള ചികില്‍സാവശ്യങ്ങള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ രോഗികളാണ് ഇതോടെ വലഞ്ഞത്. പുതിയ കാര്‍ഡ് ലഭിക്കാന്‍ താല്‍ക്കാലിക കൗണ്ടറുമുന്നില്‍  കാത്തുകിടക്കേണ്ട സ്ഥിതി. കൗണ്ടറിലെത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വിടുകയാണ്  ജീവനക്കാര്‍ ചെയ്യുന്നത്. ഈ ടോക്കണുമായി രാത്രിവരെനിന്നാലും പ്രയോജനമില്ല.  ദിവസത്തില്‍ പലതവണ സര്‍വര്‍  തകരാറിലാകുന്നതും നടപടികള്‍ വൈകാന്‍ കാരണമാകുന്നു.

കാര്‍ഡ് ലഭ്യമാക്കാനും റജിസ്ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും സ്ഥിരംസംവിധാനം എത്രയുംവേഗമുണ്ടാകണമെന്നാണ് നിര്‍ധനരായ രോഗികളുടെ ആവശ്യം. സംസ്ഥാനത്തെ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതികളെ ഒറ്റക്കുടക്കീഴിലാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി പ്രാബല്യത്തിലെത്തിയത് ഈ മാസം ഒന്നാം തീയതിയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ പദ്ധതിയില്‍നിന്ന് ലഭിക്കുന്ന അറുപത് ശതമാനംതുകയും സംസ്ഥാനവിഹിതമായ നാല്‍പ്പത് ശതമാനം ചേര്‍ത്താണ് രണ്ടുലക്ഷം രൂപയുടെ ചികില്‍സാസഹായം.