കാണാനെത്തുന്നവരെ പേരെടുത്ത് വിളിച്ച് ഞെട്ടിച്ച നേതാവ് എന്നതിനൊപ്പം പെരുമാറ്റത്തിലുടെ തന്റെ ജീവനക്കാരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ആള്‍ കൂടിയായിരുന്നു കെ.എം.മാണി. കെ.എം.മാണിയുടെ കണ്ണും കയ്യും കാതുമായി പ്രവർത്തിച്ചവർക്ക് പ്രിയ നേതാവിന്റെ വിയോഗം താങ്ങാവുന്നതിലുമപ്പുറമായി.
തന്റെ ജനകീയതയ്ക്ക് ബലം കൂട്ടാൻ പഴ്സനൽ സ്റ്റാഫിന്റെയും മറ്റ് ജീവനക്കാരുടെയും പിൻബലം കെ.എം.മാണിയെ പോലെ കൃത്യമായി ഉപയോഗിച്ച നേതാക്കൾ വളരെ വിരളം. സിബി, ഔസേപ്പച്ചൻ തങ്കച്ചൻ, ബെന്നി, തോമസുകുട്ടി, നെൽസൺ. ഈ ആറു പേരിൽ മൂന്നു പേരെങ്കിലുമില്ലാത്ത ഒരു ദിവസം പോലും കെ.എം.മാണിയുടെ പൊതു പ്രവർത്തന ജീവിതത്തിൽ ഉണ്ടായിട്ടില്ല.
ഇവരിൽ തങ്കച്ചനും സിബിയും ബെന്നിയുമൊക്കെ മാണി സാറിനൊപ്പമായിട്ട് കാൽ നൂറ്റാണ്ടിലേറെയായി. വീഴ്ചകൾ കണ്ടാൽ സ്നേഹത്തോടെ ഉപദേശം. അതിനപ്പുറം ഒന്നുമില്ല. കാരണം അതുമതി, ഇനിയൊരു വീഴ്ചയുണ്ടാവാതെ നോക്കാൻ. മാധ്യമങ്ങളുടെ മുന്നിലായിക്കോട്ടെ അല്ലെങ്കിൽ പൊതുപരിപായായിക്കോട്ടെ എപ്പോഴും ഫ്രഷായിരിക്കണം. ഒന്നു ചെറുതായി വിയർത്താൽ പോലും കുളിച്ച് വസ്ത്രം മാറണമെന്ന് നിർബന്ധം.
ഏറെക്കാലം കെ.എം.മാണി നിയമ മന്ത്രിയായിരുന്നു. റോഡിലിറങ്ങി നിയമം പഠിപ്പിക്കുന്നവരുടെ നാട്ടിൽ റോഡ് നിയമം പോലും ആദ്യം അനുസരിക്കേണ്ടത് അധികാരത്തിലിരിക്കുന്നവരാണെന്ന് കെ.എം.മാണി പറഞ്ഞു. നെൽസൺ ഉൾപ്പെടെ കെ.എം.മാണിയുടെ സ്റ്റാഫിലേക്ക് പുതിയതായി എത്തിയവർക്ക് പോലും ഒന്നു മാത്രമേ പറയാനുള്ളു. കെ.എം.മാണിക്കു തുല്യം കെ.എം.മാണി മാത്രം.