ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച അരുൺ ആനന്ദിനെ കുടുക്കിയത് പൊലീസിന്റെ ഒറ്റ് ചോദ്യം. ക്രൂര മർദനമേറ്റ് തല പൊട്ടിയ എഴുവയസ്സുകാരനെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിയുടെ പേരെന്താണെന്ന് ചോദിച്ചു. അപ്പു എന്നാണു വീട്ടിൽ വിളിക്കുന്നതെന്നും യഥാർഥ പേര് ഓർമയില്ലെന്നും ചോദിച്ചു പറയാമെന്നും മറുപടി. മൂക്കറ്റം മദ്യപിച്ച നിലയിലുമായിരുന്നു. രക്ഷിതാക്കളെന്നാണ് അരുണും യുവതിയും ആശുപത്രി അധികൃതരോട് ആദ്യം പറഞ്ഞത്. കുട്ടി കളിക്കുന്നതിനിടെ വീണു തല പൊട്ടിയതാണെന്നും പറഞ്ഞെങ്കിലും സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷവും അരുണിനു കാര്യമായ കുലുക്കമുണ്ടായിരുന്നില്ല. സെല്ലിലെ തറയിലിരുന്ന ഇയാൾ പൊലീസ് പറയുന്ന കാര്യങ്ങളെല്ലാം അനുസരിച്ചു. ഭക്ഷണം നൽകിയപ്പോൾ കൃത്യമായി വാങ്ങിക്കഴിച്ചു. ആദ്യ ചോദ്യങ്ങൾക്ക് ‘ഒന്നും ഓർമയില്ല’ എന്നായിരുന്നു ഉത്തരം. തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ച് പൊലീസ് സമ്മർദത്തിലാക്കിയതോടെ സംഭവിച്ച കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. മുൻപും കുട്ടിയെ മർദിക്കാറുണ്ടായിരുന്നെന്ന കാര്യം ഉൾപ്പെടെ സമ്മതിച്ചു. ഡിവൈഎസ്പി കെ.പി. ജോസ്, സിഐ അഭിലാഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം
യുവതിയുടെ ചുണ്ടിലെ മുറിവും കരണത്തടിയേറ്റ പാടുകളും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കുട്ടിയുടെ പേര് ചോദിച്ചപ്പോഴുള്ള പ്രതികരണം കൂടി കണ്ടതോടെ സംശയം കൂടി. ഇയാൾ ആശുപത്രിക്കുള്ളിലേക്കു കയറാതെ കാറിൽ സിഗററ്റ് വലിച്ചിരിക്കുകയായിരുന്നുവെന്ന കാര്യവും സുരക്ഷാ ജീവനക്കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ യുവതി കയർത്തതും പൊലീസിന് അസ്വാഭാവികമായി തോന്നി.