മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ മലയാള മനോരമ നടത്തിയ അഭിപ്രായസര്‍വേകളുടെ ഫലങ്ങള്‍ മുഴുവന്‍ തെറ്റായിരുന്നുവെന്ന് സമൂഹമാധ്യമങ്ങള്‍ വഴി ചിലര്‍ പ്രചരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് പുറത്തുവിട്ട അഭിപ്രായവോട്ടെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിലാണ് വസ്തുതാവിരുദ്ധമായ പ്രചാരണം നടക്കുന്നത്. എല്‍ഡിഎഫിന് അനുകൂലമായി ജനവിധിയുണ്ടായ തിരഞ്ഞെടുപ്പുകളിലും മനോരമയുടെ അഭിപ്രായസര്‍വേകള്‍ യു.ഡിഎഫിന് അനുകൂലമായിരുന്നു എന്നാണ് ആരോപണം. എന്നാല്‍ വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുന്ന കുറിപ്പുകളില്‍ പറയുന്നത് വാസ്തവത്തിന് നിരക്കാത്ത കാര്യങ്ങളാണ്.
ആരോപണങ്ങളും യാഥാര്‍ഥ്യവും ഇങ്ങനെ :
ആരോപണം ഒന്ന്: മനോരമ ന്യൂസ് ചാനല്‍ 2004ലും 2016ലും നടത്തിയ അഭിപ്രായ സര്‍വേകള്‍ യു.ഡി.എഫിന് അനുകൂലമായിരുന്നു.
യാഥാര്‍ഥ്യം: 2004 ല്‍ മനോരമ ന്യൂസ് ചാനല്‍ ആരംഭിച്ചിട്ടുപോലുമില്ല. 2006 ഓഗസ്റ്റിലാണ് മനോരമ ന്യൂസ് ചാനല്‍ തുടങ്ങിയത്. 2016ല്‍ സര്‍വേ നടത്തിയിട്ടില്ല.
ആരോപണം രണ്ട്: 2004 ലും 2016 ലും മനോരമ നടത്തിയ അഭിപ്രായസര്‍വേകള്‍ യുഡിഎഫിന് അനുകൂലമായിരുന്നു.
യാഥാര്‍ഥ്യം: 2004 ലും 2016ലും മനോരമ ഗ്രൂപ്പിലെ ഒരു സ്ഥാപനവും കേരളത്തില്‍ അഭിപ്രായസര്‍വേ നടത്തിയിട്ടില്ല.
മറ്റുചില വസ്തുതകള്‍ :
2011ലാണ് മനോരമ ന്യൂസ് ചാനല്‍ ആദ്യമായി അഭിപ്രായ സര്‍വേ നടത്തിയത്. കേരളത്തിൽ ഇരുമുന്നണികളും കേവലഭൂരിപക്ഷം നേടാൻ സാധ്യത നിലനിൽക്കുന്നുവെന്നായിരുന്നു മനോരമ ന്യൂസ് –ദ് വീക്ക്– സിഎൻഎൻ ഐബിഎൻ സിഎസ്‌ഡിഎസ് സർവേഫലം. വോട്ടിങ് ശതമാനത്തിലും സീറ്റുകളുടെ എണ്ണത്തിലും എൽഡിഎഫിനാണ് നേരിയ മുൻതൂക്കമെന്നും കണക്കാക്കി. എൽഡിഎഫ് 46% വോട്ട്, യുഡിഎഫ് 45 % വോട്ട്. എൽഡിഎഫ് 69–77 സീറ്റും യുഡിഎഫ് 63– 71 സീറ്റും നേടിയേക്കാമെന്നും വിലയിരുത്തി.
ആ വര്‍ഷം നടന്ന ആറ് പോസ്റ്റ് പോള്‍ സര്‍വേകളും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചപ്പോള്‍ വ്യത്യസ്തമായ ഈ പ്രവചനം നടത്തിയത് മനോരമ ന്യൂസ് മാത്രമായിരുന്നു. തിരഞ്ഞെടുപ്പു ഫലം ഈ പ്രവചനത്തോട് ഏറെ അടുത്തുനിന്നു. യു.ഡി.എഫിന് ലഭിച്ചത് നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷം. വോട്ടുശതമാനവും തൊട്ടടുത്ത്. കാര്‍ഡ് കാണുക.
2009 , 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മനോരമ ഗ്രൂപ്പിന്‍റെ ഇംഗ്ലീഷ് വാരികയായ ‘ദ വീക്’ അഭിപ്രായസര്‍വേ നടത്തിയിരുന്നു.
കേരളത്തിലെ ഫലത്തെക്കുറിച്ച് നടത്തിയ പ്രവചനങ്ങളും യാഥാര്‍ഥ്യത്തോട് ഏറെ അടുത്തുനില്‍ക്കുന്നതായിരുന്നു. രണ്ട് കാര്‍ഡുകള്‍ കാണുക.