renuraj-idukki-action

കർശന നടപടിയിലൂടെ വീണ്ടും ഉറച്ച നിലപാട് വ്യക്തമാക്കുകയാണ്  സബ്കലക്ടർ ഡോ.രേണു രാജ്. മലമുകളിൽ സർക്കാർ തരിശുഭൂമി കയ്യേറി ടെന്റുകൾ കെട്ടി രാത്രി കാലങ്ങളിൽ ഡിജെ പാർട്ടിയും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇതേത്തുടർന്ന് റവന്യു ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനയും നടത്തിയ പരിശോധനയിലാണ് പള്ളിവാസൽ കല്ലാറിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരെ മലമുകളിൽ മൂലേപ്പള്ളി എന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കേന്ദ്രം ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

ഇവിടെ എത്തുന്നവർക്ക് താമസിക്കാനായി രണ്ടു വലിയ താൽക്കാലിക ഷെഡ്ഡുകളും വിദേശ നിർമിതമായ 8 ടെന്റുകളും സ്ഥാപിച്ചിരുന്നു. സൗരോർജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇവിടെ എത്തുന്നവർക്ക് മദ്യവും ലഹരി മരുന്നുകളും വിതരണം ചെയ്തിരുന്നതായും അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സബ് കലക്ടറുടെ നിർദേശപ്രകാരം മൂന്നാർ റവന്യു സ്പെഷൽ ഇൻസ്പെക്ടർ പി.കെ.ഷെഫീക്കിന്റെ നേതൃത്വത്തിൽ ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഈ കേന്ദ്രം കണ്ടെത്തിയത്.

തുടർന്ന് ഇവിടെ ഉണ്ടായിരുന്ന ഷെഡ്ഡുകളും ടെന്റുകളും തീയിട്ട് നശിപ്പിച്ചു. ഉദ്യോഗസ്ഥരെ കണ്ട് ഇവിടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. കോതമംഗലം സ്വദേശി ആണ് ഈ കേന്ദ്രം നടത്തിയിരുന്നത് എന്നാണ് സൂചന.