‘ഞാൻ ജനിക്കുമ്പോൾ എനിക്ക് അഞ്ചുവിരലുകളും ഉണ്ടായിരുന്നു. ദേ ഇപ്പോൾ ഒരു വിരലില്ല. തള്ളവിരൽ ആർഎസ്എസുകാർ അറുത്തെടുത്തു കൊണ്ട് പോയതാണ്. ദേ ഇൗ കൈ കണ്ടോ. കൈയ്യുടെ രൂപം മാത്രമേയുള്ളൂ. ഒരു കിലോയ്ക്ക് മുകളിലുള്ള സ്റ്റീൽ കമ്പിയാണ് ഇട്ടിരിക്കുന്നത്. ഒന്നും ചെയ്യാൻ കഴിയില്ല ഇതുകൊണ്ട്..’ മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജൻ പറഞ്ഞ വാക്കുകളാണിത്. തിരഞ്ഞെടുപ്പിൽ വടകരയിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാമെന്ന അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായിരുന്നു കെ മുരളീധരന്റെ വരവ്. എന്നാൽ അതിലൊന്നും പതറാതെ മുന്നോട്ടു പോവുകയാണ് ജയരാജൻ.

അക്രരാഷ്ട്രീയത്തിനൊപ്പം എന്നും തന്റെ പേര് ഉയർത്തിക്കാട്ടുന്നവരോട് ജയരാജൻ പറഞ്ഞ മറുപടി ഇങ്ങനെ. 20 വർഷങ്ങൾക്ക് മുൻപ് 13ാം ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം. വടകര മണ്ഡലത്തിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലം. 1999 ആഗസ്റ്റ് മാസം 25–ാം തീയതി തിരുവോണ ദിനത്തിൽ എന്റെ വീട്ടിൽ കയറി എന്നെ അക്രമിച്ചു. അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും ശരീരത്തിലുണ്ട്. ഞാൻ ജനിക്കുമ്പോൾ എനിക്ക് അഞ്ചുവിരലുകളും ഉണ്ടായിരുന്നു. ദേ ഇപ്പോൾ ഒരു വിരലില്ല. തള്ളവിരൽ ആർഎസ്എസുകാർ അറുത്തെടുത്തു കൊണ്ട് പോയതാണ്. ദേ ഇൗ കൈ കണ്ടോ. കയ്യുടെ രൂപം മാത്രമേയുള്ളൂ. ഒരു കിലോയ്ക്ക് മുകളിലുള്ള സ്റ്റീൽ കമ്പിയാണ് ഇട്ടിരിക്കുന്നത്. എന്നിട്ടും അന്ന് ആർഎസ്എസുകാർ പറഞ്ഞു. ‍ഞാൻ ആക്രമിക്കപ്പടേണ്ടവനാണെന്ന്. ഇന്ന് അക്കാര്യം കോൺഗ്രസും ലീഗും ബിജെപിയും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ജയരാജൻ പറയുന്നു. ഇതിന് പിന്നാലെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നെഴുതി.

പി.ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

 

പ്രിയപ്പെട്ടവരേ,

 

വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത് മുതൽ എനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണമാണ് രാഷ്ട്രീയ എതിരാളികൾ നടത്തിക്കൊണ്ടിരിക്കുന്നത്.നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്. എന്നെ ഇതുവരെ നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവർ പോലും എന്നെ അറിയുന്നയാളെന്നോണം നിർലജ്ജം കള്ളം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ്.

 

ഒരു കമ്യുണിസ്റ്റിന്റെ ജീവിതം പരവതാനി വിരിച്ചതാവില്ലെന്ന ബോധ്യമുള്ളതിനാൽ ഇതുവരെ ഇതിനൊന്നും ഒരു മറുപടിയും നൽകാൻ ഞാൻ തയ്യാറായിട്ടില്ല. എന്നാൽ എന്നെ വിമർശിക്കുന്നവർ സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്താനെങ്കിലും വസ്തുത അന്വേഷിക്കണമെന്ന അഭ്യർത്ഥന വെയ്ക്കുന്നു. വടകരയിലെ പ്രബുദ്ധരായ ജനങ്ങൾക്ക് സത്യമറിയാം.എന്നാൽ ചിലരെങ്കിലും വലതുപക്ഷം നടത്തുന്ന നെറികെട്ട ഇത്തരം കള്ളപ്രചാരണങ്ങളിൽ കുടുങ്ങിപ്പോവരുതെന്നതുകൊണ്ടുമാത്രം ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്.

 

എന്റെ നാല്പത്തിയേഴാം വയസ്സുവരെ ഞാൻ എഴുതിയത് വലതുകൈ കൊണ്ടാണ്. വലതുകൈക്കിപ്പോൾ ശക്തിയില്ല. ഇടതുകൈയിൽ പേന പിടിപ്പിച്ചാണ് ഇപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു. അതിനുശേഷം എനിക്ക് തള്ളവിരലുണ്ടായിട്ടില്ല. സൂചിപ്പിച്ച വയസ്സുവരെ ഏതൊരാളെയും പോലെ ആരോഗ്യവാനായിരുന്നു ഞാനും. എല്ലാവരേയും പോലെ ഭക്ഷണം കഴിക്കാനുൾപ്പടെ സാധിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ അങ്ങനെയല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

1999 ൽ ഇതുപോലൊരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലെ വീട്ടിൽ ഓം കാളി വിളികളുമായെത്തിയ ആർഎസ്എസ് ഭീകരസംഘം എന്നെ വെട്ടിനുറുക്കിയത്.എന്റെ ഇടത് കൈയ്യിലെ പെരുവിരൽ അവർ അറുത്തെടുത്തു.വലതു കൈ വെട്ടിപ്പിളർന്നു.എന്റെ നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി.എന്നാൽ എന്റെ പാർട്ടി സഖാക്കളും ഭാര്യ യമുനയും അന്ന് പതറാതെ കൂടെ നിന്നത് കൊണ്ട് ഞാനിന്നും ജീവിച്ചിരിക്കുന്നു. ഞാൻ മരിക്കാത്തതിലെ നിരാശ പലവട്ടം അവർ പിന്നീടും പ്രകടമാക്കിയത് നാട് കണ്ടതാണല്ലോ. എന്റെ അല്പം ശേഷിയുള്ള കൈയും വെട്ടുമെന്നും ജീവനെടുക്കുമെന്നുമെല്ലാം പിന്നെയും അവർ ആവർത്തിച്ചത് തെളിവുസഹിതം വാർത്തയായതുമാണല്ലോ.

 

എന്റേതുപോലെ ആഴത്തിൽ ശരീരമാസകലം മുറിവേറ്റ ഒരാൾക്ക് ആന്ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സ എത്രമാത്രം പ്രയാസകരമാണെന്നത് വിമർശിക്കുന്നവർ ഏതെങ്കിലും ഡോക്ടറോട് അന്വേഷിക്കണം. അത്രയേറെ പ്രയാസപ്പെട്ടാണ് ഡോക്ടർ എന്റെ ജീവൻ രക്ഷിച്ചത്. അസുഖം വരുന്നത് ആരുടേയും തെറ്റോ കുറ്റമോ അല്ല. എന്റെ അസുഖം ബോധ്യപ്പെട്ടിട്ടും ബോധ്യമാവാതെ, യാത്രചെയ്യാൻ ശാരീരിക അവശതമൂലം സാധിക്കാത്ത സാഹചര്യത്തിലും എന്നെ തിരുവനന്തപുരംവരെ യാത്ര ചെയ്യിച്ചു. ജില്ലയ്ക്ക് പുറത്തേക്ക് ഇതുവരെ വാഹനമോടിച്ചിട്ടില്ലാത്തയാളെ ആംബുലൻസ് ഡ്രൈവറാക്കിയും എന്റെ ജീവന് ഭീഷണിതീർക്കാൻ ശ്രമിച്ചു. യു.ഡി.എഫ് സർക്കാർ നിർദ്ദേശപ്രകാരം ഏർപ്പാടാക്കിയ ആ ആംബുലൻസാവട്ടെ അർദ്ധരാത്രി അപകടത്തിൽ പെടുകയും ഭാഗ്യംകൊണ്ട് ഞാൻ രക്ഷപ്പെടുകയുമായിരുന്നു എന്നത് പുറത്തുവന്ന കാര്യമാണ്. എന്റെ സഖാക്കൾ ആംബുലൻസിന് പിറകിൽ മറ്റൊരു വാഹനത്തിൽ ഒപ്പമുണ്ടായതുകൊണ്ട് വിവരം അപ്പോൾത്തന്നെ പുറം ലോകമറിയുകയുകയും യാത്രാമധ്യേ തൃശ്ശൂരിൽ ചികിത്സ ലഭിക്കുകയും ചെയ്തു.ഓരോ ആശുപത്രികളിലേക്കും ചികിത്സയ്ക്ക് കൊണ്ടുപോയത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു. എന്നിട്ടും ചിലർ കണ്ണിൽ ചോരയില്ലാത്തവിധം അസുഖം വന്നതുപോലും ആക്ഷേപത്തിന് വിഷയമാക്കുന്നു. അത് അവരുടെ സംസ്ക്കാരം എന്നേ കരുതുന്നുള്ളൂ.

 

വർഗ്ഗീയ ഫാസിസ്റ്റുകളായ ആർഎസ്എസിന്റെ കിരാതമായ ആക്രമണത്തെ അതിജീവിച്ചുകൊണ്ടാണ് ഇതുവരെ എത്തിയത്.

ഒരു കാലത്ത് വർഗ്ഗീയ ഫാസിസ്റ്റുകൾ ആയുധങ്ങൾ കൊണ്ടാണ് വേട്ടയാടിയത് എങ്കിൽ പിൽക്കാലത്ത് യുഡിഎഫ് ഗവണ്മെന്റ് കേസുകളിൽ കുടുക്കി തളച്ചിടാനാണ് ശ്രമിച്ചത്. അന്ന് ജീവനെടുക്കാൻ സാധിക്കാത്തവർ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളർത്താൻ സാധിക്കുമോ എന്ന് നിരന്തരം ശ്രമിക്കുകയാണ്.

 

എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചവർ അതിനു ന്യായീകരണമായി പറഞ്ഞിരുന്നത് ജയരാജനാണ് എല്ലാ ആക്രമണങ്ങളുടെയും സൂത്രധാരൻ എന്നാണ്.ഈ ആർഎസ്എസ് പ്രചാരണം ഇന്ന് കോൺഗ്രസ്സും ലീഗും ഏറ്റെടുത്തിരിക്കുന്നു എന്ന വ്യത്യാസം മാത്രം.ഇടതുപക്ഷ വിരുദ്ധരാകെ എന്നെ ഗൂഡാലോചനക്കാരനായി ചിത്രീകരിക്കുകയാണ്.എന്റെ 45 വർഷത്തെ പൊതുജീവിതം ജനങ്ങൾക്ക് മുന്നിൽ തുറന്ന പുസ്തകമാണ്.

 

കമ്മ്യുണിസ്റ് പാർട്ടി ഇന്ത്യയിൽ രൂപീകരിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് അന്നത്തെ പാർട്ടി നേതാക്കൾക്കെതിരായി പെഷവാർ,കാൺപൂർ,മീററ്റ് ഗൂഡാലോചന കേസുകൾ ചുമത്തിയത്.ഇന്ന് സിപിഐഎമ്മിനെ തകർക്കാൻ ആർഎസ്എസിന്റെ ആസൂത്രണത്തിലാണ് ഗൂഡാലോചന കേസുകൾ ചാർജ്ജ് ചെയ്യുന്നത്.ഉമ്മൻ ചാണ്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് യാതൊരു തെളിവും ഇല്ലാതെ ഒരു കേസിൽ എന്നെ പ്രതിചേർത്തത്.

 

രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഈ കള്ളക്കേസുകളിൽ നിന്ന് രാജ്യത്തെ നീതിന്യായ സംവിധാനം എന്നെ കുറ്റവിമുക്തനാക്കുമെന്ന ഉറച്ച ബോധ്യമുണ്ട്.

 

വർഗ്ഗീയ ഫാസിസ്റ്റുകളുടെ കിരാതമായ ആക്രമണത്തിന് ഇരയായ എന്നെക്കുറിച്ചാണ് നട്ടാൽ കുരുക്കാത്ത നുണകൾ രാഷ്ട്രീയവൈരാഗ്യം മൂലം ചിലർ പ്രചരിപ്പിക്കുന്നത്.

 

ചെങ്കോടിപ്രസ്ഥാനം എന്നെപ്പഠിപ്പിച്ചത് അക്രമിക്കാനല്ല, ഏവരെയും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനാണ്. അതുകൊണ്ടുകൂടിയാണ് ബി.ജെ.പിയിൽ നിന്നും കോൺഗ്രസ്സിൽ നിന്നും മുസ്ലിം ലീഗിൽ നിന്നുമെല്ലാം ശരിയായ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ചെങ്കൊടിക്ക് കിഴിലേക്ക് അണിനിരക്കാനെത്തുന്നവരെ എനിക്കുൾപ്പടെ സ്വികരിക്കാൻ കഴിയുന്നത്. വർഗീയ ഫാസിസ്റ്റുകൾ ഇരുട്ട് പരത്തുന്ന ഇന്ത്യൻ സാഹചര്യത്തിൽ ,കോൺഗ്രസ്സുകാർ പടിപടിയായി ബിജെപിയാകുന്ന ഈ കാലത്ത് , ബി.ജെ.പിയെ നേരിടാൻ ഇടതുപക്ഷമാണ് ശരിയെന്ന് ന്യുനപക്ഷ ജനതയുൾപ്പടെ എല്ലാവരും തിരിച്ചറിയുന്നുണ്ട്. ചില പഴയകാലകോൺഗ്രസ്സുകാരും മതനിരപേക്ഷത അപകടപ്പെടുന്നതിൽ വലിയ ആശങ്ക പങ്കുവെച്ചിട്ടുമുണ്ട്. ഇവിടെ,പരാജയ ഭീതിയിലായ യുഡിഎഫും ബിജെപിയും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നത്. 

ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് പരമാധികാരികൾ.ജനകീയ കോടതിക്ക് മുൻപിൽ ഈ വസ്തുതകൾ ഞാൻ അവതരിപ്പിക്കും.

 

കോൺഗ്രസ്സും ബിജെപിയും എന്തൊക്കെ കള്ള പ്രചാരണങ്ങൾ നടത്തിയാലും അതെല്ലാം വോട്ടർമാർ പരിഹസിച്ച് തള്ളും.വടകരയിലെ പ്രബുദ്ധരായ ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണ്.