rahul-sureendran-fb-post

തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരടിച്ച് തുടങ്ങിക്കഴിഞ്ഞു. എന്നാൽ ശബരിമല വിവാദം കത്തിനിൽക്കുമ്പോൾ വൻനേട്ടമുണ്ടാക്കാനിറങ്ങിയ ബിജെപി ഇതുവരെ സ്ഥനാർഥി പട്ടിക പോലും പുറത്തിറക്കിയിട്ടില്ല. പാർട്ടിയിലെ ഗ്രൂപ്പിസവും പരസ്പരം ഒതുക്കലുമൊക്കെയായി കീറാമുട്ടിയായി തുടരുകയായിരുന്നു ബിജെപി പട്ടിക. എന്നാൽ ആർഎസ്എസിന്റെ കർശന ഇടപെടൽ വന്നതോടെ പത്തനംതിട്ടയുടെ കാര്യത്തിൽ ഏറെക്കുറേ തീരുമാനമായി. കെ.സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ മൽസരിക്കുമെന്ന് ഉറപ്പായി. ഇതിന് പിന്നാലെ സോഷ്യൽ ലോകത്ത് പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. ഇക്കൂട്ടത്തിൽ രാഹുൽ ഇൗശ്വർ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വിമർശനങ്ങൾക്കും ഇടയാക്കുകയാണ്.

കെ.സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ഉറപ്പായതോടെയാണ് രാഹുൽ ആശംസകളുമായി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. എന്നാൽ കുറിപ്പിൽ സുരേന്ദ്രന്റെ ജാതി വ്യക്തമാക്കിയതാണ് രാഹുലിന്റെ കുറിപ്പിനെ വിമർശനത്തിന് ഇടയാക്കിയത്. ‘നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. 

ഇതിനെതിരെ കുറിപ്പുകളും കമന്റുകളും ട്രോളുകളും  സജീവമായിക്കഴിഞ്ഞു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ശബരിമല പോരാട്ടങ്ങളിൽ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് ശ്രീ കെ സുരേന്ദ്രൻ. പ്രയാർ സാറും ശ്രീ അജയ് തറയിലും അടക്കം കോൺഗ്രസിലെ ചില നേതാക്കൾ ശക്തമായി ശബരിമലയെ പിന്തുണച്ചിരുന്നു. ആദ്യമുണ്ടായിരുന്നതിൽ വിഭിന്നമായി, സംഘ പ്രസ്ഥാനങ്ങളും ബിജെപിയും full swing ആയി പോരാട്ടത്തിന് ഇറങ്ങി. അതിൽ ശ്രീ കെ സുരേന്ദ്രൻ ഊർജ്ജസ്വലമായ ഒരു പങ്കുവഹിച്ചു.

നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ് . ചില കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്.

.