കേരളത്തിൽ വലിയ ചർച്ചയായ ഒട്ടേറെ കേസുകൾക്കൊപ്പം ഉയർന്നുകേട്ട ക്ഷേത്രമാണ് ജഡ്ജിയമ്മാവന്‍ കോവിൽ. ദിവസങ്ങൾക്ക് മുൻപ് ദിലീപും ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. ഇൗ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലായിരുന്നു കോട്ടയം പൊന്‍കുന്നത്തുള്ള ചെറുവള്ളിയിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ ഇതിന് മുൻപും ഒട്ടേറെ പ്രമുഖരെത്തി ദർശനം നടത്തിയിട്ടുണ്ട്. ശ്രീശാന്ത്, ശാലു മേനോന്‍, സരിത എസ്.നായര്‍ എന്നിവര്‍ ഇവിടെ മുന്‍പ് വഴിപാടുകള്‍ നടത്തിയിട്ടുണ്ട്. ജയിലിലായ അണ്ണാ ഡിംഎം കെ നേതാവ് ശശികല നടരാജനു വേണ്ടി ജഡ്ജിയമ്മാവന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിപാട് നടത്തിയിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടിനു വേണ്ടി പ്രയാര്‍ ഗോപാലകൃഷ്ണനും ഇവിടെയെത്തി വാര്‍ത്താപ്രധാന്യം സൃഷ്ടിച്ചിരുന്നു.
ക്ഷേത്രത്തെ കുറിച്ച് പ്രചരിക്കുന്ന ഐതിഹ്യം ഇങ്ങനെ:
തിരുവിതാംകൂറിലെ ജഡ്ജിജായിരുന്ന ഗോവിന്ദപിള്ളയാണ് ജഡ്ജിയമ്മാവനായി പ്രതിഷ്ഠിക്കപ്പെട്ടതെന്നാണ് വിശ്വാസിച്ചു പോകുന്നത്. 18-ാം നൂറ്റാണ്ടിലാണ് ഇൗ ക്ഷേത്രം സ്ഥാപിച്ചത്. കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയാണ് അന്ന് തിരുവിതാംകൂറിലെ മഹാരാജാവ്. അന്നത്തെ സദര്‍ കോടതി ജഡ്ജിയായിരുന്നു തിരുവല്ല തലവടി രാമപുരത്ത് മഠത്തിലെ ഗോവിന്ദപിള്ള. നിയമത്തിന്റെ കാര്യത്തിൽ കർശന നിലപാടുള്ള അദ്ദേഹം ഒരു കേസിൽ തന്റെ മുന്നിലെത്തിയ അനന്തരവന് വധശിക്ഷ വിധിച്ചു. എന്നാൽ പിന്നീട് കേസ് വ്യാജമാണെന്ന് ഗോവിന്ദപിള്ള തിരിച്ചറിയുകയും തനിക്ക് തെറ്റുപറ്റിയെന്ന് രാജാവിന് മുന്നിൽ ഏറ്റുപറയുകയും ചെയ്തു.
ഇൗ തെറ്റിന് തനിക്കും വധശിക്ഷ നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഉപ്പൂറ്റി മുറിച്ച ശേഷം രക്തംവാര്‍ന്ന് മരിക്കും വരെ തൂക്കിലിടണമെന്ന് ഗോവിന്ദപിള്ള സ്വയം വിധിയെഴുതി.ഒടുവിൽ രാജാവ് ശിക്ഷ നടപ്പാക്കാന്‍ നിര്‍ബന്ധിതനായി. ഗോവിന്ദപിള്ളയെയും അനന്തരവന്റെയും ദുര്‍മരണത്തിന് ശേഷം നാട്ടില്‍ അനിഷ്ടസംഭവങ്ങളുണ്ടായെന്നും പിന്നീട് ഇരുവരുടെയും ആത്മാക്കളെ കുടിയിരുത്തുകയായിരുന്നെന്നുമാണ് വിശ്വാസം. ഗോവിന്ദപിള്ളയുടെ ആത്മാവിനെ മൂല കുടുംബമായ ചെറുവള്ളിയിലെ ദേവീക്ഷേത്രത്തില്‍ കുടിയിരുത്താനും അനന്തരവനെ പനയാര്‍ കാവില്‍ കുടിയിരുത്താനും തീരുമാനിച്ചു. ചെറുവള്ളിയില്‍ ഗോവിന്ദപിള്ളയുടെ പ്രതിഷ്ഠ നടത്തി. പിന്നീട് ഗോവിന്ദപിള്ളയെന്ന ജഡ്ജിയമ്മാവന് 1978 ല്‍ ഉപദേവാലയവും നിർമിച്ചു.