തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളം ഉയരുമ്പോൾ ഏറെ ശ്രദ്ധനേടുന്നത് സോഷ്യൽ ലോകത്തെ പ്രചാരണങ്ങളാണ്. എന്നാൽ ഇക്കൂട്ടത്തിൽ കുമ്മനം രാജശേഖരന് കിട്ടുന്ന വൻ ഹൈപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കുമ്മനം ട്രോളുകളിൽ ഇടം നേടി. ഗവർണർ സ്ഥാനം രാജിവെച്ച നിമിഷം മുതലുള്ള കാര്യങ്ങൾ ട്രോളുകളിലൂടെ ജനകീയമായി. ഇതിൽ ഇടതുകേന്ദ്രങ്ങളിൽ അപായം മണത്തു എന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ കുമ്മനം രാജശേഖരനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ‘ട്രോളുന്ന’ പോസ്റ്റുകൾ ഒഴിവാക്കണമെന്നും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ബിജെപിയ്ക്ക് വളർച്ചയുണ്ടായത് ശ്രദ്ധിക്കണമെന്നും ഇടതു സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ കർശന നിർദേശം നൽകിയിരിക്കുകയാണ്
‘നമ്മുടെ സോഷ്യൽ മീഡിയ സ്പേസ് ബിജെപിയുടെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കാതിരിക്കുക. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കഴിഞ്ഞ കാലം ബിജെപിയ്ക്കുണ്ടായ വളർച്ച രാഷ്ട്രീയം നിരീക്ഷിച്ചാൽ മനസിലാകും’’ – ഇടത് സോഷ്യൽമീഡിയ ഗ്രൂപ്പുകളിലെത്തിയ സന്ദേശത്തിൽ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ ,പോരായ്മകൾ, അഴിമതി എന്നിവയെക്കുറിച്ച് മാത്രം ഉയർത്തിക്കാട്ടുക. ഇതിൽ തന്നെ നരേന്ദ്രമോദിയെ ട്രോളുന്നത് ഒഴിവാക്കണം. . ശരിയായ രാഷ്ട്രീയം പറയാതിരിക്കാനാണ് മറ്റു വിഷയങ്ങൾ അവർ മുന്നിലേക്കിട്ടുതരുന്നത്. ഉദാഹരണം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മൂത്രത്തിൽ നിന് യൂറിയ ശേഖരണം പോലുള്ളവ. –കുറിപ്പിൽ പറയുന്നു.
കേരള സർക്കാർ നടപ്പിലാക്കിയ നയങ്ങൾ, വികസന പ്രവർത്തനങ്ങൾ ഇടത് സ്ഥാനാർഥിയുടെ മികവുകൾ തുടങ്ങിയവയ്ക്ക് വലിയ പ്രചാരണം നൽകുക. എതിർ സ്ഥാനാർഥിയുടെ പേരു പോലും പരാമർശിക്കാതിരിക്കുക, അവരെ വ്യക്തിപരമായി ആക്രമിക്കാതിരിക്കുക . ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയ്ക്ക് പ്രചാരണം നടത്തുക എന്നതായിരുന്നു കുറിപ്പിലെ നിർദേശം.
കടപ്പാട്: മലയാള മനോരമയിലെ എ.എസ് ഉല്ലാസിന്റെ റിപ്പോർട്ട്