തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ലക്ഷദീപം തെളിഞ്ഞു. ശിവരാത്രിയോടനുബന്ധിച്ചായിരുന്നു വടക്കുന്നാഥ ക്ഷേത്രത്തില്‍ ദീപപ്രഭ ചൊരിഞ്ഞത്. ശിവരാത്രി ദിവസം സന്ധ്യയ്ക്കു ലക്ഷദീപങ്ങള്‍ തെളിയിക്കാറുണ്ട് വടക്കുനാഥ ക്ഷേത്രത്തില്‍. ഇക്കുറി, പതിവില്‍ നിന്ന് വ്യത്യസ്തമായി ഭക്തജനങ്ങളുടെ തിരക്ക് കൂടുതലായിരുന്നു.

ഭക്തര്‍ക്കായി പ്രത്യേക അന്നദാനവും ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. ക്ഷേത്രത്തിന്‍റെ ചുറ്റമ്പലവും ഗോപുരങ്ങളും ദീപപ്രഭയില്‍ നിറഞ്ഞു. ഇരുപതിനായിരം ഭക്തര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യങ്ങള്‍ ക്ഷേത്ര ക്ഷേമ സമിതി ഒരുക്കിയിരുന്നു.

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും ഘടകക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളും രാത്രി ക്ഷേത്രത്തില്‍ എത്തി. തൃശൂര്‍ പൂരത്തിനു പുറമെ വടക്കുന്നനാഥ ക്ഷേത്രത്തില്‍ ഇങ്ങനെ എഴുന്നള്ളിപ്പുകള്‍ വരുന്നത് ശിവരാത്രി ദിവസം മാത്രമാണ്. തെക്കേഗോപുര വാതിലും ശിവരാത്രി ദിനത്തില്‍ തുറന്നിരുന്നു.