കേരള ചിക്കന്‍ പദ്ധതി പ്രതിസന്ധിയിലല്ലെന്നും ആക്ഷേപങ്ങള്‍ തെറ്റാണെന്നും നോഡല്‍ ഏജന്‍സിയായ വയനാട് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി. പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. നല്ല ഇനം കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നതെന്നും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാലാണ് കര്‍ഷകര്‍ക്ക് സബ്സിഡി ലഭ്യമാക്കാത്തതെന്നും അധികൃതര്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് ന്യായമായ വിലയും വിപണിയില്‍ വിലസ്ഥിരതയും ലക്ഷ്യമിട്ടായിരുന്നു കേരള ചിക്കന്‍ പദ്ധതി. നിശ്ചിത തുക കെട്ടിവെക്കുന്ന കര്‍ഷകന് കോഴിക്കുഞ്ഞുങ്ങളും തീറ്റയും സാങ്കേതിക സഹായവും മരുന്നും നോഡല്‍ ഏജന്‍സി ലഭ്യമാക്കും.

പിന്നീട് ന്യായമായ വളര്‍ത്തുകൂലി നല്‍കി കോഴികളെ തിരിച്ചു വാങ്ങി ഇറച്ചി സംസ്കരിച്ച് ഔട്ടലെറ്റുകളിലൂടെ വില്‍ക്കും. ഇറച്ചിവില കിലോയ്ക്ക് എണ്‍പത്തി ഏഴ് രൂപയില്‍ കൂടില്ലാ എന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ ഏറെ പ്രതീക്ഷയുള്ള സംരഭത്തില്‍ നിന്നും പൗള്‍ട്രി ഫാം അസോസിയേഷന്‍ പിന്‍മാറാന്‍ തീരുമാനിച്ചിരുന്നു.

നിലവാരമുള്ള കോഴിക്കുഞ്ഞുങ്ങളും തീറ്റയും ലഭ്യമാക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഒരു വീഴ്ചയും സംഭവിച്ചില്ലെന്ന് ബ്രഹമഗിരി സൊസൈറ്റി പറയുന്നു.സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കാത്തതിനാലാണ് സബ്സിഡി ലഭ്യമാക്കാത്തത്.

പുതിയ ഫാമുകളും ഔട്ടലെറ്റും തുടങ്ങുന്നതിന് ഓണ്‍ലൈന്‍ കൂടുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും വിജയകരമായാണ് ഇതുവരെയുള്ള പ്രവര്‍ത്തനമെന്നും സൊസൈറ്റി അധികൃതര്‍ പറഞ്ഞു. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബ്രീഡ് കമ്പനികളാണെന്നും ആരോപണമുണ്ട്.