പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‍ലാൽ (24), കൃപേഷ് (19) എന്നിവരുടെ  കൊലപാതകങ്ങളിൽ അന്വേഷണം നേർവഴിക്കല്ലെന്നു വ്യക്തമാക്കി കൂടുതൽ വിവരങ്ങൾ പുറത്ത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനു മർദനമേറ്റതിനു തിരിച്ചടിയായി ശരത്‍ലാലിനെ ആക്രമിച്ചപ്പോൾ കൃപേഷും ഉൾപ്പെട്ടുവെന്നും 2 പേരും കൊല്ലപ്പെട്ടു എന്നുമുള്ള രീതിയിലാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ടു  പോകുന്നത്.

 

സമഗ്ര അന്വേഷണം  ഉണ്ടായില്ല

 

കൊലപാതകം നടന്ന് 2 ദിവസം കഴിഞ്ഞ് 19 നു പീതാംബരൻ അടക്കമുള്ള 7 പ്രതികളെ സിപിഎം ജില്ലാ നേതാവ് എസ്പി ഓഫിസിൽ പുലർച്ചെ ഹാജരാക്കി. അപ്പോൾ മുതൽ ഇവർ മാത്രമാണു കൊലയാളികൾ എന്ന് പൊലീസ് അന്വേഷണം ചുരുക്കി. പ്രഫഷനൽ കൊലയാളികളാണെന്നു സൂചനകളുണ്ടായിട്ടും ഇതു സ്ഥിരീകരിക്കാൻ സിസിടിവി ദൃശ്യങ്ങളോ മൊബൈൽ ഫോൺ വിളികളോ പരിശോധിച്ചിട്ടില്ല. 

 

കൊല്ലപ്പെട്ട യുവാക്കളുടെ രക്ഷിതാക്കൾ ഗൂഢാലോചന ആരോപിച്ചു പ്രദേശത്തെ പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തി. അവരിൽ എംഎൽഎയും മുൻ എംഎൽഎയും അനുഭാവികളും ഉണ്ട്. ഇവരുടെ പങ്കിനെക്കുറിച്ചു പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല. നാട്ടുകാർ പറഞ്ഞ കണ്ണൂർ റജിസ്ട്രേഷൻ ജീപ്പ്, ക്ഷേത്രത്തിലെത്തിയ അജ്ഞാത സംഘം എന്നീ സൂചനകളും അവഗണിച്ചു

 

തെളിവുകളിൽ അസ്വാഭാവികത

 

കൊല്ലപ്പെട്ടവർക്കേറ്റ മുറിവ് കനമുള്ളതും മൂർച്ചേറിയതുമായ ആയുധം കൊണ്ട് ഉണ്ടായതാണെന്നു ഫൊറൻസിക് വിദഗ്ധർ വ്യക്തമാക്കിയെങ്കിലും പൊലീസ് കണ്ടെടുത്തത് കനമില്ലാത്ത, മൂർച്ചയുള്ള 2 വാളുകളും മറ്റൊരു തുരുമ്പെടുത്ത വാളും.  പിടിച്ചെടുത്ത വാഹനങ്ങളിലാകട്ടെ കാര്യമായ രക്തപ്പാടുകളില്ല