മധുവിനെ നമ്മൾ മറന്നുകാണില്ല, അട്ടപ്പാടിയിലെ മധുവിനെ. ആ നിഷ്കളങ്ക, നിസഹായ നോട്ടവും നമ്മൾ മറന്നുകാണില്ല. ഒരു വർഷം മുൻപ് ഇതേ ദിവസമാണ് ആള്‍ക്കൂട്ടമവനെ മർദിച്ചുകൊന്നത്. ലോകമനസാക്ഷിക്കു മുന്നിൽ നമ്മൾ മലയാളികള്‍ തലകുനിച്ച ആ സംഭവത്തിന് ഒരു വർഷം. 

ചുവരെഴുത്തുകളിലും കവലപ്രസംഗങ്ങളിലും മാത്രമായി മധുവിനെ, ആ ക്രൂരതയെ നമ്മളൊതുക്കുമെങ്കിലും ഇപ്പോഴും കണ്ണീർ തോർന്നിട്ടില്ല അവൻറെ മാതാപിതാക്കൾക്കും സഹോദരിക്കും. മധുവിന്റെ സഹോദരി സരസ്വതിയുടെ കണ്ണിൽ ഇന്നലെയും സങ്കടപ്രളയമായിരുന്നു. 

ഭാരതപ്പുഴയുടെ തീരത്ത് തിരുവില്വാമല ഐവർമഠത്തിൽ രാവിലെ മധുവിന്റെ സഹോദരിയും പിതാവിന്റെ സഹോദരന്മാരും അവരുടെ മക്കളും ചേർന്നു ബലിതർപ്പണം നടത്തി. മരണാനന്തരക്രിയകൾക്കിടെ പലപ്പോഴും സരസ്വതി വിതുമ്പുന്നുണ്ടായിരുന്നു. എല്ലാം കണ്ട് അമ്മ മല്ലി അൽപം ദൂരേക്കു മാറി നിന്നു. 

മല്ലി, മകൾ സരസ്വതി, പിതാവിന്റ സഹോദരന്മാരായ വെള്ള, വെള്ളി, നഞ്ചൻ ഇവരുടെ മക്കളായ മുരുകൻ, ബിനീഷ് എന്നിവരാണ് ബലിതർപ്പണത്തിന എത്തിയത്.‍ പൊലീസിൽ ജോലി ലഭിച്ച ഇളയ സഹോദരി ചന്ദ്രികയ്ക്ക് അവധി ലഭിക്കാത്തതിനാൽ എത്താനായില്ല. തൃശൂർ പൊലീസ് അക്കാദമിയിലാണ് ചന്ദ്രിക ഇപ്പോൾ.

കഴിഞ്ഞ വർഷം ഈ ദിവസമാണ്.ചിണ്ടക്കിയൂർ നിവാസിയായ മധുവിനെ മുക്കാലിയിലെ ചില കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടിയത്. മനോദൗർബല്യത്തെത്തുടർന്ന് വീട്ടിൽ നിന്നു മാറി വനത്തിനുള്ളിലെ ഗുഹയിൽ താമസിച്ചിരുന്ന മധുവിനെ അവിടെയെത്തിയാണു പിടിച്ചാണ്. തുടർന്ന് ഉടുമുണ്ട് ഉരിഞ്ഞു കൈകൾ ചേർത്തുകെട്ടി ചിണ്ടക്കിയൂരിൽ നിന്നു മുക്കാലിയിലേക്ക് എത്തിക്കുകയായിരുന്നു. മധു താമസിച്ചിരുന്നിടത്തു നിന്നു കണ്ടെടുത്ത കുറച്ച് അരിയും കറിക്കൂട്ടുകളും അടങ്ങിയ ഒരു ചാക്കും ഒപ്പം തലയിലേറ്റിച്ചു.

മുക്കാലിയിൽ എത്തിയപ്പോൾ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോയും ദൃശ്യങ്ങളും പ്രതികൾ പകർത്തുകയും ചെയ്തു. തുടർന്നു പൊലീസിനെ അറിയിച്ചു.  പൊലീസ് ജീപ്പിൽ കൊണ്ടുപോകും വഴി മധു ഛർദിച്ചതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.പിറ്റേന്ന് ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും സമരവും ഉണ്ടായതോടെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. സംഘടനകളുടെ ശക്തമായ സമരത്തിന്റെ ഫലമായി രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ അട്ടപ്പാടിയിലേക്ക് ഒഴുകിയെത്തി. തുടർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ മധുവിന്റെ വീട്ടിലുമെത്തി. ‍പക്ഷേ, വർഷം ഒന്ന് പൂർത്തിയാകുമ്പോഴും കേസിലെ പ്രതികളുടെ വിചാരണ ആരംഭിക്കാൻ കഴി‍ഞ്ഞിട്ടില്ല.