shuhaib-father-with-krishnan

പരസ്പരം ആശ്വസിപ്പിക്കുമ്പോഴും അവർ ഉള്ളിൽ കരയുകയായിരുന്നു. പുത്രവിയോഗത്തിന്റെ തീച്ചൂളയിൽ വേവുന്ന 3 മനസ്സുകൾ. രാഷ്ട്രീയ കൊലക്കത്തിക്കിരയായി വീട്ടിലെ ഏക മകനെ നഷ്ടമായ 3 അച്ഛൻമാർ. പെരിയ കല്ല്യോട്ടെ കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണൻ, ശരത്‍ലാലിന്റെ അച്ഛൻ സത്യനാരായണൻ, മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിന്റെ ഉപ്പ എസ്.പി. മുഹമ്മദ്. 

 

പെരിയ കല്ല്യോട്ട് 2 യുവാക്കൾ കൊല്ലപ്പെട്ട വാർത്തയറിഞ്ഞപ്പോൾ താൻ അനുഭവിച്ച അതേ വേദനയിലൂടെ കടന്നുപോകുന്ന ആ കുടുംബങ്ങളെ ആശ്വസിപ്പിക്കാനാണു മുഹമ്മദ് കല്ല്യോട്ടെത്തിയത്. 

 

 

കൃപേഷിന്റെ ഒറ്റമുറി വീട്ടിലേക്കാണ് ആദ്യമെത്തിയത്. വീടിനു പുറത്തെ ചെറിയ ഷെഡിൽ കരഞ്ഞുതളർന്നിരിക്കുകയാണു കൃഷ്ണൻ.

 

ഷുഹൈബിന്റെ ഉപ്പയാണെന്ന് ഒപ്പമുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ പരിചയപ്പെടുത്തിയപ്പോൾ മുഹമ്മദിന്റെ കൈകൾ ചേർത്തുപിടിച്ചു, ആ തോളിലേക്കു ചാഞ്ഞു കൃഷ്ണൻ കരഞ്ഞു. ‘‘നമ്മുടെ വിധി ഇങ്ങനെയായല്ലോ... ഇങ്ങനെ കൊന്നിട്ട് അവർ എന്തു ചെയ്യാനാ...പണിക്കു പോയി അവനെ പോറ്റിയതു കൊലയ്ക്കു കൊടുക്കാനായിരുന്നില്ലല്ലോ. കൊന്നവരേയും കൊല്ലിച്ചവരേയും കൊല്ലാൻ പണം കൊടുത്തവരേയും പിടികൂടണം’’ 

 

ശരത്‍ലാലും ഷുഹൈബിനെപ്പോലെ തന്നെയായിരുന്നെന്നു മുഹമ്മദിനെക്കണ്ടപ്പോൾ ബന്ധുക്കൾ ഓർത്തെടുത്തു. നാട്ടിലെ എല്ലാ ആവശ്യങ്ങളിലും മുന്നിലുണ്ടായിരുന്നു. അവനെയൊന്നു കാണാൻ പോലും കിട്ടാറുണ്ടായിരുന്നില്ലെന്നു പറഞ്ഞു ശരത്തിന്റെ അച്ഛൻ സത്യനാരായണൻ അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു.

 

 

‘അവർക്ക് അവർ മാത്രം വളർന്നാൽ മതി, മറ്റാരെയും വളരാൻ അവർ അനുവദിക്കില്ല’ കൊലപാതകത്തിനു പിന്നിലുള്ളവരെക്കുറിച്ചു മുഹമ്മദ് രോഷം കൊണ്ടു.