ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ നാളെ പൊങ്കാലയിടും. പൊങ്കാല നേദിക്കാന്‍  ഒരു പകല്‍ മാത്രം നില്‍ക്കെ ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും അടുപ്പുകള്‍ കൂട്ടി ഭക്തര്‍ പുണ്യനിമിഷത്തിനായി കാത്തിരിക്കുകയാണ് . ഇന്ന് ഉച്ചമുതല്‍ തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. 

 

ഭക്തര്‍ കാത്തിരുന്ന ആ നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ആറ്റുകാല്‍ അമ്മയുടെ ദര്‍ശനത്തിനും പൊങ്കാല നിവേദ്യത്തിനുമായി ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലിലേക്ക് ഒഴുകി എത്തുന്നത്.കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന നാളെ രാവിലെ 10.15 നാണ് പൊങ്കാല വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും സഹമേൽശാന്തി തീ പകരും.ദിവസങ്ങളായി ക്ഷേത്രപരിസരത്ത് തമ്പടിച്ച് ദേവിക്ക് ഇഷ്ട വഴിപാടുകള്‍ അര്‍പ്പിക്കുകയാണ് ഭക്തര്‍.

 

പൊങ്കാലക്ക് മുന്‍പേ ദേവിക്ക് മുന്നില്‍ കലാപരിപാടി അവതരിപ്പിച്ച് അനുഗ്രഹത്തിനായി  ഒട്ടേറേ കുരുന്നുകളാണ് എത്തിയത്. അടുപ്പ് കൂട്ടി കാത്തിരിക്കുന്നവര്‍ക്ക് ദേവി സാന്നിധിയിലുള്ള ഓരോ നിമിഷവും പ്രാര്‍ഥനയുടേതാണ്. 

 

ക്ഷേത്രവും പരിസരവും പൂര്‍ണമായി പൊലീസ് വലയത്തിലാണ്. വനിത പൊലീസിനെയാണ് പൊങ്കാല അര്‍പ്പിക്കുന്ന വഴികളിലും ക്ഷേത്രത്തിലും വിന്യസിച്ചിരിക്കുന്നത്.  ക്ഷേത്രത്തിലേക്ക് വരാന്‍ പ്രത്യേകം സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം.  ശേഷം പ്രാർഥനകളുടെ പുണ്യവുമായി മടങ്ങും.