south-kerala

അപ്രതീക്ഷിത ഹര്‍ത്താല്‍ തെക്കന്‍കേരളത്തിലും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. പൊങ്കാലയെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തെ ഒഴിവാക്കിയെന്ന് പറഞ്ഞെങ്കിലും  കെ എസ് ആര്‍ ടി സി സ്വകാര്യ ബസുകള്‍ തടഞ്ഞു. കിളിമാനൂരിലും കല്ലറയിലും കടകള്‍ അടപ്പിച്ചു. ചിറയിന്‍കീഴില്‍ റോഡ് ഉപരോധിച്ചവരെ പൊലീസ് ലാത്തിവീശി ഒാടിച്ചു.   

ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തിയവരെക്കൊണ്ട് തിങ്ങി നിറഞ്ഞ നഗരത്തില്‍ ഹര്‍ത്താല്‍ കൂടിയായതോടെ ജനം പെരുവഴിയില്‍ കുടുങ്ങി.രാവിലെ തമ്പാനൂരില്‍ നിന്ന് സാധാരണ രീതിയില്‍ ബസ് സര്‍വീസുകള്‍ നടന്നെങ്കിലും പത്തു മണിയോടെ രംഗം മാറി.  സമാരാനുകൂലികള്‍ തമ്പാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ ആദ്യം തടഞ്ഞു. 

പിന്നെ സ്വകാര്യ ബസുകള്‍ക്ക് നേരെ തിരിഞ്ഞു. ബസിലും ട്രെയിനിലും വന്നവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച കാര്യം അറിയാതെയാണ് തലസ്ഥാനത്തിറങ്ങിയത്. 

കല്ലറയില്‍ കടകളടപ്പിച്ച സമരക്കാര്‍ കടയുടമ ഷംനാദിനെ കയ്യേറ്റം ചെയ്തു. ചിറയിന്‍കീഴില്‍ റോഡ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി ഒാടിച്ചു 

കിളിമാനൂരില്‍  നിര്‍ബന്ധിച്ച് കടകളടപ്പിച്ച സമരക്കാര്‍ ആറ്റിങ്ങലില്‍ ബസുകള്‍ തടഞ്ഞിട്ടു. പത്തനംതിട്ട റാന്നിയിലും സമരക്കാര്‍ കടകളടപ്പിച്ചു. കൊല്ലം പുനലൂരില്‍ യാത്രക്കാരെ നിര്‍ബന്ധിച്ച് ഇറക്കിവിട്ടു. കിളികൊല്ലൂരിലും പത്തനാപുരത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടഞ്ഞു. തിരുവല്ലയില്‍ ബാങ്കുകളുടെ ഉള്ളില്‍ കയറിയ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രവര്‍ത്തനം അവസാനിപ്പാക്കാന്‍ ആവശ്യപ്പെട്ടു.