ആനക്കമ്പക്കാരുടെ ആറാംതമ്പുരാനും നരസിംഹവും അങ്ങനെ എല്ലാമെല്ലാമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. എന്നാൽ ഇന്നലെ രാമൻ കേരളത്തെ വീണ്ടും ഭയപ്പെടുത്തി. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉല്‍സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ആനയ്ക്ക് പുറകില്‍ പടക്കംപൊട്ടിച്ചതാണ് ആന വിരണ്ടോടാന്‍ കാരണം. സമീപത്തു നില്‍ക്കുകയായിരുന്നു ബാബുവിനെ ആന ചവിട്ടുകയായിരുന്നു. ഇതിന് മുൻപും ഇത്തരത്തിൽ ജീവനെടുക്കുന്ന സംഭവത്തിൽ രാമചന്ദ്രൻ കുപ്രസിദ്ധനാണ്.
കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍ എന്നാണ് വിവരം. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്. കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആറ് പാപ്പാൻമാരും നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും ഇന്നലെ മരിച്ച കണ്ണൂർ സ്വദേശി ബാബുവുമടക്കം 12 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞോടിയതിനിടെ ഇതുവരെ മരണപ്പെട്ടത്. 2013ൽ പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകൾ മരിച്ചിരുന്നു. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തുന്നത്. പിന്നീട് അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാൻമാരെയാണ് രാമചന്ദ്രൻ കൊലപ്പെടുത്തിയത്.
തൃശൂർ പൂരത്തിന്റെ ആവേശം പൂർത്തിയാകുന്നത് രാമൻ എത്തുമ്പോഴാണ് എന്ന് ആനപ്രേമികൾ അടക്കം പറയാറുണ്ട്. എന്നാൽ ഇൗ പ്രായത്തിനും ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ പലകുറി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരാധകരും കമ്മിറ്റിക്കാരുടെ ആവശ്യങ്ങളും പരിഗണിച്ച് ആനയെ എഴുന്നള്ളിക്കാറാണ് പതിവ്. അവസാനസംഭവത്തോടെ വീണ്ടും രാമചന്ദ്രൻ വിവാദങ്ങളിൽ ഇടംപിടിക്കുകയാണ്. വലിയ തുകയ്ക്കാണ് രാമചന്ദ്രൻ ഉൽസവത്തിനെത്തുന്നത്. ആന വന്നിറങ്ങുന്നത് മുതൽ ആരാധകരും നാട്ടുകാരും ഇവനൊപ്പം കൂടുന്നതും പതിവാണ്. ഇത്തരത്തിലുള്ള ഒട്ടേറെ വിഡിയോകൾ സോഷ്യൽ ലോകത്ത് വൈറലാണ്.