മലപ്പുറം പൊന്നാനിയില്‍ പ്രളയത്തില്‍ ഉണങ്ങിപ്പോയ ആല്‍മരത്തെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിലെ വിദഗ്ധ സംഘം. റോഡ് വികസനത്തിന്റെ ഭാഗമായി മാറഞ്ചേരിയില്‍ നിന്ന് മുറിച്ചുമാറ്റാനൊരുങ്ങിയ ആല്‍മരം നാട്ടുകാരുടെ നേതൃത്വത്തില്‍ പിഴുതെടുത്ത് പൊന്നാനി കലാഗ്രാമത്തിന്റെ മുറ്റത്ത് നടുകയായിരുന്നു.അതിനു ശേഷമാണ് ഉപ്പുവെള്ളം കയറി ആല്‍മരം ഉണങ്ങിയത്.
2018 മേയ് മാസം. മാറഞ്ചേരിയിലെ റോഡ് വികസനത്തിന്റെ പേരില്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചതായിരുന്നു കൂറ്റന്‍ ആല്‍മരം. വര്‍ഷങ്ങളായി നാട്ടുകാര്‍ക്ക് തണലേകിയിരുന്ന മരം. എന്നാല്‍ ഇത് മുറിച്ചുമാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ആല്‍മരത്തെ സംരക്ഷിക്കാന്‍ അവര്‍ ഒന്നായി, പണം പിരിച്ചു. 36 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ആല്‍മരംപിഴുതെടുത്തു. കിലോമീറ്റര്‍ അകലെയുള്ള പൊന്നാനിയിലെ നിളാ കലാഗ്രാമത്തിന്റെ മുറ്റത്ത് നട്ടു. പതിയെ ഇലകള്‍ മുളച്ചു.പുതു ജീവന്‍ വച്ചു. അതിനിടയില്‍ പ്രളയമെത്തി. ഉപ്പുവെള്ളം കയറി ആല്‍മരം ഉണങ്ങാന്‍ തുടങ്ങി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍റെ ആവശ്യപ്രകാരം കേരള വന ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരെത്തി. ആവശ്യമായ സാംപിളുകള്‍ എടുത്തു മടങ്ങി.
അതേ സമയം മരത്തിനു സമീപത്തുനിന്നു മണ്ണെണ്ണയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും ബാഹ്യ ഇടപെടലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വന ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആല്‍ മരത്തിനുമേലുളള തുടര്‍ നടപടി.