balajanasakhyam

മലയാള നാടിന്‍റെ നന്മയുടെ പ്രകാശമായി മാറിയ അഖില കേരള ബാലജനസഖ്യം നവതിയുടെ നിറവില്‍. നവതി വര്‍ഷ ആഘോഷങ്ങള്‍ ഇന്ന് രാവിലെ 11ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. കോട്ടയം മാമ്മൻ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിക്കും.

കേരള ചരിത്രത്തില്‍ കുട്ടികള്‍ എഴുതിച്ചേർത്ത നന്മയുടെ പ്രകാശമാണ് അഖില കേരള ബാലജനസഖ്യം.1929 മേയ് 29ന് പിറന്ന ബാലജനസഖ്യം അംഗസംഖ്യകൊണ്ടും പ്രവർത്തനശൈലികൊണ്ടും രാജ്യത്ത് കുട്ടികളുടേതായ സംഘടനകളിൽ ഒന്നാം സ്‌ഥാനത്താണ്. മനുഷ്യപുരോഗതിക്ക് അടിസ്‌ഥാനമായ ശാശ്വതമൂല്യങ്ങൾക്കുവേണ്ടിയാണു മലയാള മനോരമ പത്രാധിപർ കെ.സി. മാമ്മൻ മാപ്പിള സഖ്യത്തിനു രൂപംനൽകിയത്. ഈശ്വരഭക്‌തി, രാജ്യസ്‌നേഹം, പൊതുജനസേവനം എന്നീ അടിസ്‌ഥാന തത്വങ്ങൾ സഖ്യാംഗങ്ങൾ എക്കാലത്തും നെഞ്ചോടുചേർത്തു. 

 സ്വാതന്ത്യ്ര സമരത്തിൽ പങ്കെടുത്തതുമൂലം സർക്കാർ 'മനോരമ' നിരോധിക്കുകയും, ബാലജനസഖ്യം നിന്നു പോവുകയും ചെയ്‌തു. 1947 നവംബർ 29-ന് മനോരമ പുനരാരംഭിച്ചു. 1948 ജനുവരി 28ന് ബാലപംക്‌തി വീണ്ടും തുടങ്ങിയെങ്കിലും 1950ലാണ് സഖ്യം ചിട്ടയായ  പ്രവർത്തനം തുടങ്ങിയത്.

മഹാകവി വളളത്തോൾ, കെ.കെ.കുരുവിള, കെ.കേളപ്പൻ, മൗലവി മുഹമ്മദു ഷാഫി, ചങ്ങനാശ്ശേരി പരമേശ്വരൻ പിളള ഇവരെല്ലാം സഖ്യത്തിന്‍റെ വഴികാട്ടികളായി. 

കരുണയുടെയും സ്നേഹത്തിന്റെയും സ്പർശംകൊണ്ട് സമൂഹത്തിന് വെളിച്ചമേകാന്‍ കുട്ടികൾക്കു കഴിയും എന്ന് ഓർമപ്പെടുത്തിയ 90 സഫല വർഷങ്ങളാണു ബാലജനസഖ്യത്തിന്റെ സാമൂഹികസംഭാവന.