ലോക പായ്‌വഞ്ചി പ്രയാണത്തിനിടെയേറ്റ പരുക്കുകൾ ഭേദമായതോടെ തിരിച്ചുവരിവിനൊരുങ്ങുകയാണ് മലയാളി നാവിക കമാൻഡര്‍ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിനിടെയേറ്റ പരുക്കിനെപ്പറ്റിയും അതിജീവനകത്തെക്കുറിച്ചും സംസാരിക്കുകയാണ് അഭിലാഷ് ടോമി.
''ഈ റേസിന് പോകുമ്പോൾ 100 ബുക്ക് വരെ കൂടെക്കൊണ്ടുപോയവരുണ്ടായിരുന്നു. ഞാൻ കയ്യിലെടുത്തത് ആകെ നാല് പുസ്തകങ്ങള്‍. കുറെപ്പേർ ചോദിച്ചു, ഇത് വായിച്ചുകഴിഞ്ഞാൽ നീ എന്തുചെയ്യുമെന്ന്, ബോറടിക്കില്ലേ എന്ന്. ഒറ്റക്കാണെങ്കിൽ ഒരിക്കലും ബോറടിക്കുന്ന പ്രകൃതക്കാരനല്ല ഞാൻ. ഏകാന്തത ആസ്വദിക്കുന്നയാളാണ്.
''ഒരു പേടിയുമില്ലായിരുന്നു. കൊടുങ്കാറ്റുണ്ടായപ്പോൾ ഡെക്കിൽ പോയിരുന്ന് കടലിനെ കണ്ട് ആസ്വദിക്കുകയായിരുന്നു. സന്തോഷം കൊണ്ട് പാട്ടുപാടാൻ തുടങ്ങി. ഒടുവിൽ പായ്‌വഞ്ചിയുടെ പായ്‌മരം ഒടിഞ്ഞതോടെയാണ് അകത്തുപോയി കിടന്നത്''- ചിരിച്ചുകൊണ്ട് അഭിലാഷ് പറഞ്ഞു.
''നടുവൊടിഞ്ഞെന്ന് ആദ്യം മനസ്സിലായിരുന്നില്ല. നടു വെട്ടിയതോ മറ്റോ ആയിരിക്കാം എന്നാണ് കരുതിയത്. ആ മൂന്ന് ദിവസം സംഭവബഹുലമായിരുന്നു. എക്കിൾ എടുക്കുമായിരുന്നു എപ്പോഴും. അങ്ങനെ വയറുവേദനയായി. ഭക്ഷണം കഴിക്കാത്തതുമൂലം അസിഡിറ്റി ആയി. എക്കിൾ നിൽക്കണമെങ്കിൽ ഛർദ്ദിക്കണമായിരുന്നു. ഭക്ഷണം പാകം ചെയ്യണമെങ്കിലും വെള്ളം കുടിക്കണമെങ്കിലുമെല്ലാം എഴുന്നേൽക്കണമായിരുന്നു. അതിന് സാധിക്കാത്ത അവസ്ഥയായിരുന്നു. ഒരുപാട് ബുദ്ധിമുട്ട്. പക്ഷേ വിഷമിച്ചില്ല, കരഞ്ഞില്ല. അപ്പോഴും ഭാവിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു.
''ഓരോ പായ്‌വഞ്ചിയുമായും സൗഹൃദമുണ്ടാക്കിയെടുക്കാൻ സമയമെടുക്കും. ഈ വഞ്ചിയുമായി സൗഹൃദമുണ്ടാക്കാൻ ശ്രമിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. ചിലപ്പോൾ അതുകാരണമാകാം വഞ്ചി പോയപ്പോഴും എനിക്ക് വിഷമമുണ്ടാകാതിരുന്നത്.
''എനിക്കുണ്ടായിരുന്നതെല്ലാം കൊടുങ്കാറ്റ് കൊണ്ടുപോയിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോള്‍ എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്–അഭിലാഷ് പറഞ്ഞു.
വിഡിയോ അഭിമുഖം കാണാം: