pinarayi-cartoon

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി ആക്ഷേപിച്ച കാർട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം പുകയുന്നു. ഡിസംബര്‍ 22ന് ജൻമഭൂമി പത്രത്തിൽ വന്ന കാർട്ടൂണാണ് വിവാദമായിരിക്കുന്നത്. 'വനിതാ മതില്‍: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്' എന്ന തലക്കെട്ടില്‍ വന്ന കാര്‍ട്ടൂണില്‍ 'തെങ്ങു കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം' എന്നയായിരുന്നു അടിക്കുറിപ്പ്. ഇൗഴവ വിഭാഗത്തിൽ ജനിച്ച പിണറായി വിജയനെ ജാതീയമായി ആക്ഷേപിക്കുകയാണ് കാർട്ടൂണിലൂടെ എന്നാണ് വ്യാപക ആക്ഷേപം ഉയരുന്നത്.  

 

തെങ്ങു കയറ്റക്കാരും ചെത്തുകാരും അടങ്ങിയ ഈഴവ വിഭാഗത്തെ അവഹേളിക്കുന്നതും ഈ വിഭാഗത്തിലുള്ളവര്‍ അധികാരത്തിലെത്തരുതെന്ന സന്ദേശവുമാണ് കാര്‍ട്ടൂണിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വാദം. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഇത് പ്രമേയമാക്കിയായിരുന്നു വിവാദകാർട്ടൂൺ.  മുൻപ് മുഖ്യമന്ത്രിെയ ജാതി പറഞ്ഞ് അവഹേളിച്ച സ്ത്രീയ്ക്കെതിരെ കേസെടുത്തിരുന്നു. വിവാദം കത്തുമ്പോഴും ഇതുസംബന്ധിച്ച് ജന്‍മഭൂമി പ്രതികരിച്ചിട്ടില്ല.