യുവാവിനെ തള്ളിയിട്ടു കൊന്ന കേസില്‍ നെയ്യാറ്റിന്‍കര DySP യായിരുന്ന ബി.ഹരികുമാറിനെ അറസ്റ്റു ചെയ്യാന്‍ കഴിയാതെ പൊലീസ്. തമിഴ് നാട് പൊലീസിന്റെ സഹായം തേടി ക്രൈംബ്രാഞ്ച്. ക്വാറി ഉടമകളും, പൊലീസ് അസോസിയേഷന്‍ ഉന്നതനും സഹായിക്കുന്ന ഹരികുമാര്‍ തമിഴ്നാട്ടിലെ അരമന, ചിത്തിരംകോട് പ്രദേശത്ത് ഒളിവിലെന്നു പൊലീസിനു സൂചന ലഭിച്ചു. അതേസമയം ഉടന്‍ കീഴടങ്ങാനും ഹരികുമാറിനുമേല്‍ സമ്മര്‍ദം ശക്തമായിട്ടുണ്ട്

നെയ്യാറ്റിന്‍കരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്നാട്ടില്‍ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണ് ഹരികുമാറിനു ഒളിവില്‍ പോകാന്‍ സഹായിച്ചതും ,ഒളിവില്‍ കഴിയാന്‍ ഇപ്പോള്‍  അവസരമൊരുക്കുന്നതെന്നാണ് സൂചന. ഇവരുടെ തന്നെ ദുബായിലുള്ള ബന്ധുവിന്റെ അടുത്തേക്ക് ബാംഗ്ളൂരു വഴി മാറ്റാന്‍ തീരുമാനിച്ചെങ്കിലും പാസ്പോര്‍ട്് കണ്ടുകെട്ടാനുള്ള ഐ.ജി യുടെ തീരുമാനത്തില്‍ പാളുകയായിരുന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്. 

ഹരികുമാര്‍–ക്വാറി–രാഷ്ട്രീയ നേതൃത്വം ബന്ധം നെയ്യാറ്റിന്‍കരയിലെ സജീവ ചര്‍ച്ചയുമാണ്. ഇവരുടെ സഹായത്തോടെ തമിഴ്നാട്ടിലുള്ള ഹരികുമാരിനെ കണ്ടെത്താനാണ് തമിഴ്നാട് പൊലീസിന്റെ സഹായം തേടിയത്.  കേസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വ്യക്തമായ ധാരണയും രക്ഷപ്പെടാന്‍ സഹായിച്ച വഴികളും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടടക്കമുണ്ടായിട്ടും നടപടിയെടുക്കാന്‍ പൊലീസിനു സാധിച്ചില്ല. 

ജില്ലയിലെ ഉന്നത രാഷ്ട്രീയ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നതും പരസ്യമായ രഹസ്യമാണ്.അതേസമയം തന്നെ അറസ്റ്റ് വൈകുന്നത് സേനക്കു തന്നെ നാണക്കേടുണ്ടാക്കുമെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വികാരം കൂടി കണക്കിലെടുത്ത് കീഴടങ്ങണമെന്നു പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ തന്നെ ഹരികുമാറിന്റെ സഹോദരങ്ങളെ അറിയിച്ചിട്ടുണ്ട്.