milan-bjp-1

‘അപ്പച്ചന് 15 വയസുള്ളപ്പോഴല്ലേ സിപിഎം പ്രവർത്തകനായി രംഗത്തിറങ്ങിയത്. അന്ന് അപ്പച്ചന്റെ ഇഷ്ടമായിരുന്നു അത്. അന്നാരും അതെർത്തില്ല. ഇന്ന് ഞാൻ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തതിനെ അപ്പച്ചൻ എന്തിനാണ് എതിർക്കുന്നത്. അതെന്റെ താൽപര്യമല്ലേ..’ ബിജെപിയുമായി വേദി പങ്കിട്ട കൊച്ചുമകൻ മിലനോട് സംസാരിച്ചപ്പോൾ എം.എം ലോറൻസിന് ലഭിച്ച മറുപടിയാണിത്. ഇതു പറയുന്നത് എംഎം ലോറൻസിന്റെ മകൾ ആശയാണ്. ഇന്ന് പകലുണ്ടായ വിവാദങ്ങൾക്ക് മുൻപും ശേഷവുമുള്ള കാര്യങ്ങൾ ആശ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പങ്കുവയ്ക്കുന്നു.

 

അവന് ഉടൻ 18 വയസാകും. അവൻ എന്നോട് ചോദിച്ചിട്ടാണ് ആ പരിപാടിയിൽ പങ്കെടുക്കാൻ പോയത്. അവനെ ഞാൻ എന്തിനാണ് തടയുന്നത്. ഇതിന് മുൻപ് ആർഎസ്എസിന്റെയോ ബിജെപിയുടെയോ ഒരു പരിപാടിയിൽ പോലും അവൻ പങ്കെടുത്തിട്ടില്ല. നിങ്ങൾ അവന്റെ ഫെയ്സ്ബുക്ക് നോക്കൂ. ഉമ്മൻ ചാണ്ടിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് ഉള്ളത്. അവൻ ഇന്നലെ ചെയ്ത ട്വീറ്റ് നോക്കൂ. പിണറായി വിജയൻ നടത്തിയ പ്രസംഗമാണ് അവൻ പങ്കുവച്ചത്. അവന് ബിജെപിയിൽ അംഗമാകണമെന്ന് ഇൗ നിമിഷം വരെ എന്നോട് പറഞ്ഞിട്ടില്ല. നാളെ ആകണമെന്ന് പറഞ്ഞാലും ഞാൻ തടയില്ല. കാരണം അത് അവന്റെ ഇഷ്ടമാണ് തീരുമാനമാണ്– ആശ പറഞ്ഞു.

 

എം.എം ലോറൻസിന്റെ കൊച്ചുമകൻ എന്ന നിലയിലല്ല അവൻ  പോയത്. അതിന് പിന്നിൽ ഇവർക്ക് അറിയാത്ത കുറേ കാര്യങ്ങളുണ്ട്. ഇന്നലെ ഇൗ സമയത്ത് ഞങ്ങൾ ഒരു പരാതി കൊടുക്കാൻ എം.വി. ജയരാജന്റെ ഒാഫിസിലിരിക്കുകയാണ്. ഒരു പൊലീസുകാരന്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം പരാതിപ്പെടാനാണ് പോയത്. ഒാഫിസ് സംബന്ധിച്ച് നടന്ന ഒരു പ്രശ്നത്തിൽ പരാതിപ്പെടാൻ െചന്ന എന്നെ ആ പൊലീസുകാരൻ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഒരു സ്ത്രീയുടെ പരാതി പിണറായി വിജയന്റെ പൊലീസ് ഇങ്ങനെയാണോ പരിഗണിക്കുന്നത് എന്നത് എനിക്ക് അദ്ഭുതമായി. ഇൗ പൊലീസുകാരനെതിരെ പരാതി കൊടുക്കാനാണ് ഞങ്ങൾ പോയത്. ഇതെല്ലാം എന്റെ മകൻ കാണുന്നുണ്ട്.

 

ശബരിമല അയ്യപ്പന്റെ വലിയ ഭക്തരാണ് ‍ഞാനും മോനും. ഹരിവരാസനം എന്നും ഞങ്ങളുടെ വീട്ടിൽ വയ്ക്കാറുണ്ട്. ഇപ്പോൾ ശബരിമലയിൽ നടക്കുന്ന പ്രശ്നങ്ങളിൽ അവന് എതിർപ്പുണ്ട്. അപ്പോഴാണ് ബിജെപി നേതാവ് പി.എസ്.ശ്രീധരൻപിള്ള ഇൗ പരിപാടിയെ കുറിച്ച് പറയുന്നത്. അദ്ദേഹത്തോടും കുമ്മനത്തോടും മുൻപ് തന്നെ അടുത്ത പരിചയം ഉണ്ട് അവന്. അപ്പോൾ പൊലീസ് നടപടിക്കെതിരെയും ശബരിമലയിൽ നടക്കുന്ന പ്രശ്നങ്ങൾക്കെതിരെയും നടക്കുന്ന പ്രതിഷേധത്തിൽ അണിചേരണം എന്ന് അവന് തോന്നിയതിൽ എന്താണ് തെറ്റ്?

 

സിപിഎം പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടോ?

സൈബർ ആക്രമണം ഒന്നും ഇതുവരെയില്ല. പക്ഷേ ഞങ്ങളോട് സംസാരിക്കരുതെന്ന് ചിലരോട് പറഞ്ഞതായി അറിഞ്ഞു. കുറേ ഫോൺ കോളുകൾ വരുന്നുണ്ട്. പിണറായി വിജയനെ പോലെ ഒരു ദിവസം പ്രസംഗിക്കണം എന്ന്് അവൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിപിഎമ്മിലും കോൺഗ്രസും‌ ബിജെപിയും ഒന്നും തെറ്റല്ല എന്നാണ് അവന്റെ പക്ഷം. അത് ഞാൻ മാനിക്കുന്നു. നല്ലത് എന്താണോ അത് അവൻ തിരഞ്ഞെടുക്കുന്നു ചെയ്യുന്നു. മുൻപ് രാഷ്ട്രീയത്തിലിറങ്ങണം എന്ന് അപ്പച്ചനോട് (എം.എം.ലോറൻസ്) അവൻ പറഞ്ഞപ്പോൾ ഇപ്പോൾ നീ പഠിക്ക്, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ അപ്പച്ചൻ 15–ാമത്തെ വയസിലാണ് പത്താം ക്ലാസിലെ പഠനം ഉപേക്ഷിച്ച് പാർട്ടി പ്രവർത്തനത്തിനിറങ്ങിയത്. ആ പാരമ്പര്യം അവൻ കാണിക്കാതിരിക്കുമോ. അദ്ദേഹത്തിന്റെ കൊച്ചുമോനല്ലേ.

 

എം.എം.ലോറൻസ് വിളിച്ച് സംസാരിച്ചിരുന്നോ?

 

അപ്പച്ചൻ മിലനോട് സംസാരിച്ചിരുന്നു. അവൻ കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. പൂർണ സമ്മതതോടെയാണ് പങ്കെടുത്തത് എന്ന്. അതിൽ അവന് ഒരു കുറ്റബോധവുമില്ലെന്ന്. പൊലീസിനെതിരെയും ശബരിമല പ്രശ്നത്തിനെതിരെയും നടത്തുന്ന സമരം ശരിയാണെന്ന അവന്റെ ചിന്തയിൽ നിന്നാണ് ഇന്ന് ആ വേദിയിൽ അവൻ പോയത്. ഇതുവരെ അവൻ ബിജെപിയിൽ അംഗമല്ല. അവന്റെ ഇഷ്ടത്തിന് ഞങ്ങൾ എതിരുനിൽക്കില്ല. അത്രമാത്രം.

 

ആശ പറഞ്ഞവസാനിപ്പിക്കുമ്പോൾ മിലൻ പറയുന്നുണ്ട്: എനിക്ക് എല്ലാ പാർട്ടികളിലെയും ശരികൾ ഇഷ്ടമാണ്. പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, ശ്രീധരൻ പിള്ള, കുമ്മനം, എം.എം ലോറൻസ് തുടങ്ങി എനിക്ക് ഒട്ടേറെ നേതാക്കളെ ഇഷ്ടമാണ്. ഇന്ന് ഞാൻ പോയത് എനിക്ക് ശരിയാണ് എന്ന് ഉറപ്പുള്ള കാര്യത്തിനാണ്. അതിൽ ഞാൻ ഉറച്ച് നിൽക്കുന്നു. ഞാൻ ചെയ്തത് ശരിയാണ്.