കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ എട്ട് വയസുകാരി എയ്ൻ അൽഫോൺസ ജോസഫ് മരിച്ച സംഭവത്തിൽ കുഞ്ഞിന് ഗുരുതര രോഗമുണ്ടായിരുന്നുവെന്ന വാദം തളളി അമ്മ ബീന രംഗത്ത്. ഒപ്പം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ‘ഡോക്ടർമാർക്ക് അനുകൂല വിശദീകരണവുമായി സമൂഹമാധ്യമത്തിൽ രംഗത്തുവന്ന ഡോക്ടർമാർക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്റെ കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദി ഞാൻ തന്നെയാണെന്ന് പ്രചരിപ്പിച്ചത് അംഗീകരിക്കാനാകില്ല..’ ബീന വികാരഭാരത്തോടെ മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം എസ്പിക്കാണ് ഇവര്‍ പരാതി നൽകിയത്. തന്റെയും കുടുംബത്തിന്റെയും ജീവനു പോലും ഭീഷണിയുണ്ടെന്നും ഇതുകാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബീന പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്ത വെസ്റ്റ് പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്.
കോതമംഗലം ചെട്ടിമാട് പരേതനായ ജൂപേഷിന്റെയും ബീനയുടെയും മകളും ഏറ്റുമാനൂർ എസ്എഫ്എസ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയുമായിരുന്നു എയ്ൻ ജോസഫ്. വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊച്ചു പെൺകുട്ടിയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ പ്രതിഷേധം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഏഴ് വർഷത്തോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണെന്നും എട്ടുവർഷത്തോളം ഞാൻ പൊന്നുപോലെ നോക്കിയതാണെന്നും കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആ അമ്മ കരഞ്ഞു പറയുന്നുണ്ടായിരുന്നു. നീയെടുത്ത ജീവൻ തിരിച്ചു തരാൻ നിനക്കു പറ്റുമോ. അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാൻ വളർത്തിയത്. ഇവൾക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത്. മരണകാരണം പോലും കൃത്യമായി നിനക്കു പറയാൻ സാധിക്കുമോയെന്ന് അമ്മ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഒരു വേളയിൽ സങ്കടം അടക്കനാകാതെ ഡോക്ടറെ കയ്യേറ്റം ചെയ്യാനും അമ്മ മുതിർന്നിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ മരണകാരണം ചികിത്സാപ്പിഴവല്ലെന്ന് ആവർത്തിച്ച് ആശുപത്രി രംഗത്തു വരികയായിരുന്നു.
ഒക്ടോബർ 22 നാണ് വയറുവേദയെ തുടർന്ന് ആദ്യമായി ഈ ആശുപത്രിയിൽ ചികിത്സ തേടിയത്. മരുന്നുകൾ നൽകി വീട്ടിലേക്കു വിട്ടെങ്കിലും വേദന ശമിക്കാത്തതിനെ തുടർന്ന് വൈകിട്ട് വീണ്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ പരിശോധിക്കാൻ വിദഗ്ദ ഡോക്ടർമാരുടെ സേവനം തേടിയെങ്കിലും ഡ്യൂട്ടി ഡോക്ടർ അമിത അളവിൽ മരുന്നു നൽകിയതാണ് കുഞ്ഞിന്റെ മരണത്തിൽ കലാശിക്കാൻ കാരണം. വേദനസംഹാരിയായി ഇഞ്ചക്‌ഷനു പുറമേ മൂന്നു തവണ ഗുളികയും നൽകി. കുട്ടിയുടെ നില മോശമായതിനെത്തുടർന്ന് രാത്രിയോടെ മരിച്ചു– മാലിയിൽ നേഴ്സായ ബീന മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ 16 വരെ എന്റെ കുഞ്ഞ് സ്കൂളിൽ പോയിരുന്നു. ഒക്ടോബർ 15 ന് പാസ്പോർട്ട് എടുക്കാനായി ഓഫിസിൽ പോയപ്പോഴും ബുധനാഴ്ച പൊലീസ് വേരിഫിക്കേഷന് വന്നപ്പോഴും മോൾ സ്മാർട്ടായിരുന്നു. 17 ന് ആഹാരം കഴിച്ചപ്പോഴാണ് വയറുവേദന വന്നത്. 12 മണിയോടെ കോട്ടയത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്കും മറ്റും ശേഷം കുട്ടിക്ക് കുഴപ്പമില്ലെന്നും സ്കാനിങ്ങിലും മറ്റും കുഴപ്പമില്ലെന്നു പറഞ്ഞു. വയറുവേദനയ്ക്ക് കുറവില്ലാത്തതിനാൽ ഐ സി എച്ചിൽ ചികിത്സ തേടിയിരുന്നു. സ്കാൻ, എക്സ്റേ, ലിപ്പേസ്, അമിലേസ് എന്നിവയ്ക്കുള്ള ടെസ്റ്റുകൾ ചെയ്തു. 20–ാതീയതി കുട്ടിയെ ഡിസ്ചാർജ് ചെയ്തു. ഏഴു ദിവസത്തിനു ശേഷം പരിശോധനകൾക്കു കൊണ്ടു വരാനാണ് നിർദ്ദേശം ലഭിച്ചത്. തിങ്കളാഴ്ച വീണ്ടും വയറുവേദന വന്നപ്പോൾ മികച്ച ചികിൽസ തേടിയാണു സ്വകാര്യ ആശുപത്രിയിൽ പോയത്.
രാവിലെ പീഡിയാട്രീഷനെ കണ്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ ഡോക്ടറുടെ ചികിൽസ തേടി. പരിശോധനയ്ക്കു ശേഷം അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് ആകാമെന്നായിരുന്നു പറഞ്ഞത്. അതിനായി നാലു ദിവസത്തെ മരുന്നു തന്നു. പിന്നീടും വേദന കുറവില്ലെങ്കിൽ സിടി സ്കാൻ ചെയ്തു നോക്കാമെന്നു പറഞ്ഞു വീട്ടിലേക്കു വിട്ടു. വീണ്ടും വയറുവേദന വന്നതോടെ ഇതേ ആശുപത്രിയിൽ വൈകിട്ട് ആറു മണിയോടെ എത്തി. കാഷ്വൽറ്റി ഡോക്ടറായിരുന്നു അപ്പോൾ അവിടെയുണ്ടായിരുന്നത്. ഇദ്ദേഹത്തോട് രാവിലെ കുട്ടിയെ പരിശോധിച്ച ‘ഓൺ കോൾ’ ഡോക്ടർ കൂടിയായ ഗ്യാസ്ട്രോ എൻട്രോളജി ഡോക്ടറെ കാണണമെന്നു പറഞ്ഞെങ്കിലും ഞാനും ഒരു ഫിസിഷ്യനാണെന്നും മറ്റും പറഞ്ഞ് അക്യൂട്ട് പാൻക്രിയാറ്റൈറ്റിസാണെന്ന മുൻവിവരം വച്ച് ഇദ്ദേഹം മരുന്നുകൾ നൽകുകയായിരുന്നുവെന്നും ബീന പറയുന്നു.
ഒരു വര്‍ഷം മുന്‍പാണ് എയ്ലിന്റെ പിതാവ് അസുഖ ബാധിതനായി മരിച്ചത്. ഭർത്താവിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കുമായാണ് കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. എഴുവർഷം കാത്തിരുന്നു കിട്ടിയ ഓമന മകളെയാണ് എനിക്കു നഷ്ടമായത്. ഇതിനു ശേഷമാണ് ചികിൽസാപ്പിഴവിനെ ന്യായീകരിച്ച് സമൂഹമാധ്യമത്തിലും മറ്റും ചില ഡോക്ടർമാരുടെ ഉത്തരവാദിത്തമില്ലാത്ത കുറിപ്പുകൾ പരക്കാൻ തുടങ്ങിയത്. ബന്ധുക്കൾക്കു പോലും ലഭിക്കാത്ത പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇവർക്കു കിട്ടിയെന്നാണ് പറയുന്നതെന്നും ബീന പറയുന്നു.