ഏത്തക്കായുടെ വില കുത്തനെ ഇടിഞ്ഞതോടെ വാഴക്കര്‍ഷകര്‍ ദുരിതത്തില്‍. പ്രളയത്തിനുശേഷം വിപണി മെച്ചപ്പെട്ട് തുടങ്ങിയതിന് പിന്നാലെയാണ് വിലത്തകര്‍ച്ച. തമിഴ്നാട്ടില്‍ നിന്നുള്ള വാഴക്കുല വരവ് കൂടിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. 

നാടന്‍ ഏത്തക്കായയ്ക്ക്  മുപ്പത്തിയഞ്ച് രൂപയാണ് ഇപ്പോഴുള്ള വില. കര്‍ഷകന് കിട്ടുന്നത് ഇരുപതില്‍ താഴെയാണ്. തമിഴ്നാട്ടില്‍നിന്നുള്ള ഏത്തക്കായ് വരവ് കൂടിയതോടെ വിലകുറച്ച് വില്‍ക്കേണ്ട അവസ്ഥയിലായി. നാടന്‍ ആവശ്യപ്പെട്ട് വരുന്നവരും വിലക്കൂടുതല്‍ അറിയുമ്പോള്‍ മറുനാടന്‍ കായ വാങ്ങുകയാണ്. ഇതോടെ നാടന്‍ ഏത്തക്കായ്ക്ക് കച്ചവടക്കാരും വിലകുറച്ചു.  ഇത് പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ തുടങ്ങിയ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. 

ഒരു വാഴ വിളവെടുപ്പിന് പാകമാക്കാന്‍ ഇരുന്നൂറിലധികം രൂപ ചെലവ് വരും. ഒാണക്കാലത്ത് നാല്‍പ്പത്തിയഞ്ച് രൂപ മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ രണ്ടുമാസം കൊണ്ട് വില കുത്തനെ താഴ്ന്നു. ചെലവാക്കുന്ന തുകപോലും ലഭിക്കാത്ത സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് വാഴക്കര്‍ഷകര്‍.