മലയാള മനോരമയില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് അക്ഷരലോകത്തിന്റെ ആദ്യവാതിൽ കടന്നത്. അറിവിന്റെ അകനിറവുള്ള ഗുരുക്കന്മാർ പുതുതലമുറയെ കൈപിടിച്ച് നയിച്ചു. കേരളത്തിലെ എല്ലായൂണിറ്റുകളിലും രാവിലെ ആറരമുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ തുടങ്ങി. മലയാള മനോരമ കോട്ടയം യൂണിറ്റില്‍ വിദ്യാരംഭത്തില്‍ നൂറുകണക്കിന് കുട്ടികളാണ് പങ്കെടുത്തത്. മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു കൈമാറിയ ദീപം എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് വിളക്കിലേക്ക് പകര്‍ന്നതോടെയാണ് വിദ്യാരംഭത്തിന് തുടക്കമായത്. ഡോക്ടര്‍ എം.ജി.എസ്. നാരായണന്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ്, കെ. കുഞ്ഞികൃഷ്ണന്‍, പി.വത്സല, എന്‍.പി. ഹാഫിസ് മുഹമ്മദ്, രാധാമാധവന്‍, പി.പി. ശ്രീധരനുണ്ണി എന്നിവരായിരുന്നു കോഴിക്കോട് യൂണിറ്റിലെ ഗുരുക്കന്‍മാര്‍.
കൊച്ചി യൂണിറ്റില്‍ വിദ്യാരംഭത്തിനെത്തിയത് അറുന്നൂറോളം കുഞ്ഞുങ്ങളാണ്. ചടങ്ങുകള്‍ ഡോ.എം ലീലാവതി ഉദ്ഘാടനം ചെയ്തു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ഡോ. വി.പി ഗംഗാധരന്‍, ഡോ.ജോസ് ചാക്കോ െപരിയപ്പുറം, വെണ്‍മണികൃഷ്ണന്‍ നമ്പൂതിരിപ്പാട്, സിപ്പി പള്ളിപ്പുറം, ഡോ.എ രാമചന്ദ്രന്‍, ഡോ. ധര്‍മരാജ് അടാട്ട്, ശ്രീവല്‍സന്‍ ജെ.മേനോന്‍ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. തിരുവനന്തപുരത്ത് സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, സി.പി.നായര്‍, ഡോ.ഡി.ബാബുപോള്‍, ജേക്കബ് പുന്നൂസ്, ഡോ.ടി.പി.ശ്രീനിവാസന്‍, ഡോ.ജോര്‍ജ് ഓണക്കൂര്‍, എം.ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ബി.സന്ധ്യ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി.
പാലക്കാട്ട് ആയിരത്തോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. വയലാര്‍ രാമവര്‍മയുടെ പത്നി ഭാരതി തമ്പുരാട്ടി ദീപം തെളിയിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി. മലപ്പുറത്ത് അഞ്ഞൂറോളം കുരുന്നുകളെ എഴുത്തിനിരുത്തി. കല്‍പറ്റ നാരായണന്‍, ജെ. പ്രസാദ്, ഡോ. പി. ബാലചന്ദ്രന്‍, അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന്‍ മൂസ്, ഇ.കെ. ഗോവിന്ദവര്‍മരാജ, പൂങ്കുടില്‍മന ദേവന്‍ നമ്പൂതിരി എന്നിവര്‍ ഗുരുക്കന്‍മാരായി. മലയാള മനോരമ തൃശൂര്‍ യൂണിറ്റിന്റെ അങ്കണത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ മുന്നൂറിലേറെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, പെരുവനം കുട്ടന്‍മാരാര്‍, പ്രഫ.പി.ഭാനുമതി, ഡോ.പി.വി.കൃഷ്ണന്‍നായര്‍, പി.അരവിന്ദാക്ഷന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പ്രഫ.എം.മാധവന്‍കുട്ടി എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. കണ്ണൂര്‍ യൂണിറ്റില്‍ ഇരുന്നൂറ്റിയഞ്ച് കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. എഴുത്തുകാരായ എം.മുകുന്ദന്‍, സി.വി.ബാലകൃഷ്ണന്‍, എം.എന്‍.കാരശ്ശേരി, അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ ഗുരുക്കന്‍മാരായി. ആലപ്പുഴ യൂണിറ്റിൽ അറുനൂറോളം കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. പത്തനംതിട്ട , കൊല്ലം യൂണിറ്റുകളിലും നിരവധി കുരുന്നുകള്‍ എത്തിയിരുന്നു.
ചെന്നൈയിൽ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭത്തിൽ നാൽപ്പത്തിയഞ്ച് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. മലയാളികൾക്ക് പുറമെ തമിഴ്നാട്ടിൽ നിന്നുള്ളവരും വിദ്യാരംഭത്തിന്റെ ഭാഗമായി. ബെംഗളൂരുവിൽ ആദ്യാക്ഷരം കുറിച്ചത് എഴുപത്തൊൻപത് കുട്ടികൾ. . മലയാളികൾക്ക് പുറമെ നിരവധി കന്നഡിഗരും ഹരിശ്രീ കുറിയ്ക്കാൻ എത്തിയിരുന്നു. മുംബൈയില്‍ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ, കാർഡിയോളജിസ്റ്റ് ഡോക്ടര്‍ എം ജി പിള്ള എന്നിവര്‍ കുരുന്നുകളെ എഴുത്തിനിരുത്തി. ഡല്‍ഹിയില്‍ ജസ്റ്റിസ് സി.ഹരിശങ്കര്‍, ഡോ. എം.രാജീവന്‍ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ ഏഴിനു തുടങ്ങിയ ചടങ്ങിൽ ഇരുന്നൂറ്റിഅഞ്ചു കുരുന്നുകൾ ആദ്യക്ഷരം എഴുതി. ആദ്യക്ഷരം കുറിച്ച എല്ലാ കുട്ടികള്‍ക്കും മനോരമയുടെ പ്രത്യേക സമ്മാനവും ആദ്യക്ഷരമെഴുതുന്ന ഫൊട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റും നല്‍കി.