നടിമാർ എന്നുവിളിച്ച് മോഹൻലാൽ അപമാനിച്ചെന്ന ഡബ്ല്യസിസി പരാമർശത്തെ പരിഹസിച്ച് നടൻ കലാഭവൻ ഷാജോൺ. രേവതി, പാർവതി, പത്മപ്രിയ ഇവരെ നടിമാർ എന്നുവിളിക്കുന്നത് വലിയ തെറ്റാണെന്നും ലാലേട്ടനെ തൂക്കിക്കൊല്ലണമെന്നുമാണ് ഷാജോണിന്റെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയാണ് ഷാജോണിന്റെ പരിഹാസം. 

കഴിഞ്ഞ ദിവസം ഡബ്ല്യുസിസി നടത്തിയ വാർത്താസമ്മേളനത്തിലാണ് അംഗങ്ങൾ അമ്മക്കും പ്രസിഡന്റ് മോഹൻലാലിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത്. സംഭവത്തിൽ കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയാണെന്ന് ഡബ്ല്യൂസിസി ആരോപിച്ചു.

''ആരോപണവിധേയനെ പുറത്താക്കും എന്ന് സംഭവത്തിന് പിന്നാലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം അമ്മ അറിയിച്ചിരുന്നു. ഇയാൾ ഇതുവരെ രാജിവെച്ചിട്ടില്ല. പ്രതിയെ പുറത്താക്കിയിട്ടില്ല. സസ്പെൻഡ് ചെയ്തിട്ടില്ല. അമ്മ നേത‍ൃത്വം തങ്ങളോട് കള്ളം പറഞ്ഞു. എന്താണ് അമ്മയുടെ ഉദ്ദേശ്യം? കുറച്ചുദിവസം ദിവസം മുൻപ് അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ നടിമാർ എന്നുപറഞ്ഞ് അഭിസംബോധന ചെയ്തു. ഞങ്ങൾ മൂന്നുപേരുടെ പേരുപറയാൻ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇത് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചെന്നും ഡബ്ല്യുസിസി ആരോപിച്ചിരുന്നു. 

രാജി വെച്ചവർ പുറത്തുതന്നെ 

നടിമാര്‍ എന്നുവിളിച്ച് ആക്ഷേപിച്ചെന്ന ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണെന്ന് സിദ്ദിഖ്. 'അമ്മ നടീനടന്മാരുടെ സംഘടനയാണ്, അതില്‍ ആക്ഷേപം തോന്നേണ്ടതില്ല.  മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പറിച്ചെറിയാനാവില്ല. മോഹൻലാലിനെതിരെ പൊതുസമൂഹത്തിന് മുന്നിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് ഖേദകരമാണ്.

അവർ എന്തിനാണ് മോഹൻലാലിനെ തന്നെ ലക്ഷ്യംവെക്കുന്നത്. ദിലീപ് തന്നെയാണ് മോഹൻലാലിനോട് ലാലേട്ടാ ഈ പ്രശ്നങ്ങളൊക്കെ ഉള്ളതുകൊണ്ട് ഞാൻ രാജിവെക്കുകയാണ്, എന്റെ പേരിൽ സംഘടനയിൽ പ്രശ്നങ്ങൾ വേണ്ട പറഞ്ഞത്. ദിലീപ് രാജിക്കത്ത് മോഹന്‍ലാലിന് കൈമാറിയത് അമ്മ സെക്രട്ടറി സിദ്ദിഖ് സ്ഥിരീകരിച്ചു. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചതാണ്, ജനറല്‍ബോഡിയാണ് അത് മരവിപ്പിച്ചത്. ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍ വേണ്ടിയുള്ള സംഘടനയല്ല അമ്മ. 

'അമ്മ'യില്‍ നിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ല. അംഗമായിരുന്ന് ഭാരവാഹികളെ ആക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിദ്ദിഖ്. 'മീ ടൂ' ക്യാംപെയിന്‍ നല്ല പ്രസ്ഥാനം, കരുതല്‍ നല്ലതാണ്, പക്ഷേ ദുരുപയോഗിക്കരുത്. രേവതിയുടെ ആരോപണം തേജോവധം ചെയ്യാനാണ്. ഏത് സെറ്റിൽ എവിടെവെച്ചാണ് ഈ പതിനേഴുവയസുള്ള പെൺകുട്ടി പീഡനത്തിന് ഇരയായതെന്ന് പറഞ്ഞാൽ നടപടിയെടുക്കും. ഡബ്ല്യൂസിസിയുടെ പേജിൽ ആളുകൾ അസഭ്യം ചൊരിയുന്നത് അവരുടെ പ്രവർത്തിദോഷം കൊണ്ടാണ്. നാലുപേർ വിചാരിച്ചാൽ തകരുന്ന സംഘടനയല്ല അമ്മ- സിദ്ദിഖ് വ്യക്തമാക്കി.