foreign-marriage-t

പ്രളയാനന്തര കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കൂട്ടാന്‍ ഒരു വിവാഹച്ചടങ്ങ് വഴിയൊരുക്കുമോ? പറ്റുമെന്നാണ് മാധ്യമപ്രവര്‍ത്തകരായ സോണിയയും മൈക്കലും പറയുന്നത്. പ്രളയാനന്തരം കേരളത്തിലേക്ക് വരാന്‍ മടിക്കുന്ന സഞ്ചാരികളുടെ ചിന്തകള്‍ക്ക് ചെക്ക് പറയുകയാണ് ചെക്ക് റിപ്പബ്ലിക്കില്‍നിന്നുള്ള ഈ പ്രണയികള്‍.  

 

കേരളീയ മാതൃകയില്‍ വിദേശികളുടെ വിവാഹം ഇതാദ്യമല്ല. പക്ഷേ ഈ വിവാഹത്തിന് മറ്റൊരു ലക്ഷ്യംകൂടിയുണ്ട്. പ്രളയം കൊണ്ടുപോയ നാട്ടിലേക്ക് സഞ്ചാരം മടിച്ചുനില്‍ക്കുന്ന അന്യനാട്ടുകാരോട് ഇവിടം ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാടാണെന്ന് അറിയിക്കലാണ്. 

 

മാക്സിം ലൈഫ് സ്റ്റൈല്‍ മാഗസിന്റെ മുന്‍ എഡിറ്ററാണ് സോണിയ കൊടുല്‍കോവ. മൈക്കല്‍ ഹ്രാബെക്ക് ചെക്ക് വാര്‍ത്താ ഏജന്‍സിയിലെ എഡിറ്ററാണ്. മുന്‍പും ഇരുവരും കേരളത്തിലെത്തിയിട്ടുണ്ട്. സോണിയ ഈ നാടിന്റെ സൗന്ദര്യത്തെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. അങ്ങിനെയൊക്കെയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

 

കോണ്‍കോര്‍ഡ് എക്സോട്ടിക് വോയജസ് മാരാരി റിസോര്‍ട്ടില്‍ നവദമ്പതികള്‍ക്ക് വിവാഹസദ്യയും ഒരുക്കിയിരുന്നു. കൗതുകമുള്ളൊരു വിവാഹത്തിനാണ് താന്‍ കര്‍മികത്വം വഹിച്ചതെന്നറിഞ്ഞ പൂജാരിയുടെ വക ഒരു സെല്‍ഫി. വിവാഹം മംഗളം.