aymanam34

കോട്ടയം അയ്മനം പഞ്ചായത്തിലെ മുക്കാൽ ഭാഗവും ഏഴാം ദിവസവും വെള്ളത്തിനടിയിലാണ്. പഞ്ചായത്തിലെ ആകെയുള്ള 20 വാർഡുകളിൽ 16 വാർഡിലെ ജനങ്ങളും മഹാപ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്നു. കൃഷിയിടങ്ങൾക്കൊപ്പം വീടുകളും വെള്ളത്തിൽ മുങ്ങിയതോടെ ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയിരിക്കുകയാണ് ജനങ്ങൾ.  

 

അയ്മനം പഞ്ചായത്തിലെ പന്ത്രണ്ടായിരത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. ആയിരത്തിലേറെ വീടുകൾ ഇപ്പോളും വെള്ളത്തിനടിയിൽ. കൊയ്യാൻ പാകമായ 4000 ഏക്കറിലെ പാടശേഖരങ്ങൾ പൂർണമായും വെള്ളം കയറി നശിച്ചു. ഓണം ലക്ഷ്യമിട്ടിറക്കിയ ഏക്കർ കണക്കിന് പച്ചക്കറി കൃഷി നശിച്ചു. വെള്ളം ഇറങ്ങാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനും കഴിയാത്ത അവസ്ഥയിലാണ്. 

 

പത്ത് ദിവസമെങ്കിലും ക്യാംപുകൾ തുടരേണ്ടി വരും. വീട്ടിലേക്ക് മടങ്ങിയാലും ദുരിതത്തിൽ നിന്ന് ഇവർക്ക് മുക്തിയില്ല. ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി കിടന്നതിനാൽ ഭൂരിഭാഗം വീടുകളും അപകടാവസ്ഥയിലാണ്.