ആലുവയിൽ പ്രളയം ശക്തമാകുന്നു. നാലര മണിക്കൂർ കൊണ്ട് രണ്ട് അടിയോളം വെള്ളം ഉയർന്നു. ആലുവ മണപ്പുറത്തുള്ള ശിവക്ഷേത്രം പൂർണമായും മുങ്ങി കഴിഞ്ഞു. ആലുവ റെയിൽവേ പാലത്തിന്റെ താഴെ പെരിയാറിന്റെ ജല നിരപ്പ് ഉയർന്നു. പാലത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആലുവയിൽ ഇതിന് മുമ്പ് ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം 2013-ലായിരുന്നു. ആ നിലയിലേക്ക് ഇപ്പോൾ എത്തിനിൽക്കുകയാണ്. നിലവിൽ ഗുരുതരമായ സാഹചര്യമാണ് ആലുവയില്‍ ഉള്ളത്. നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയാണ് ഇവിടെ. ഇടമലയാർ അണക്കെട്ടിൽ നിന്ന് 700 ക്യുമെക്സ് വെള്ളമാണ് തുറന്നു വിടുന്നത്. ഇടുക്കി അണക്കെട്ടിൽ നിന്നുള്ള വെള്ളവും ഇവിടെ എത്തുന്നു. അതോടൊപ്പം ഇന്നലെ മുതൽ എറണാകുളം ജില്ലയിൽ പെയ്യുന്ന ശക്തമായ മഴയും ആലുവയെ തീർത്തും പ്രളയദുരിതത്തിലാക്കിയിരിക്കുകയാണ്.
ആലുവയ്ക്ക് പടിഞ്ഞാറു ഭാഗത്തുള്ള പറവൂർ, കുന്നുകര, ചെങ്ങമനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.എറണാകുളം ജില്ലയിലെ പല മേഖലകളിലും വെള്ളപ്പൊക്കവും വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുന്നു. സൈന്യം ഉൾപ്പെടെയുള്ളവർ രക്ഷാ പ്രവർത്തനത്തിനായി രംഗത്തുണ്ട്. ആലുവ തുരുത്തിലെ ചില വീടുകൾ ഒറ്റപ്പെട്ടു. അവിടെയുള്ളവരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനായി ഫയർഫോഴ്സ് ശ്രമം തുടരുകയാണ്. ആലുവയിൽ 13-ഓളം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.