hanan-new-live

മീൻവിൽപ്പന നടത്തിയതിനു സമൂഹമാധ്യമങ്ങളിൽ തന്നെ വ്യക്തിപരമായി അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത നൂറുദ്ദീൻ ഷെയ്ഖിനെ  താൻ കണ്ടിട്ടുണ്ടെന്ന് ഹനാൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട്. നൂറുദ്ദീൻ ഷെയ്ഖിനെ വ്യക്തിപരമായി അറിയില്ല. മാധ്യമപ്രവർത്തകരെ കാണാനായി ഞാൻ എത്തിയപ്പോൾ ഇയാൾ എനിക്കു ചുറ്റും ഒരു ഭ്രാന്തനെ പോലെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. പല തവണ ഇയാളെ അവഗണിക്കാൻ ശ്രമിച്ചുവെന്നും പെരുമാറ്റം അതിരു കടന്നപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകയോട് സഹായം അഭ്യർത്ഥിച്ചെന്നും ഹനാന്‍ വെളിപ്പെടുത്തി. 

ആ മാധ്യമപ്രവര്‍ത്തകയാണ് എന്നെ സംരക്ഷിച്ചത്. അവരോടും അയാൾ തട്ടിക്കയറുന്നുണ്ടായിരുന്നു– ഹനാൻ പറഞ്ഞു. ഹനാനെ അധിക്ഷേപിച്ചെന്ന കേസില്‍ പൊലീസ് നൂറുദ്ദീനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തല്‍. 

കോളജിൽ നിന്ന് അയച്ച വാഹനത്തിലാണ് മാധ്യമപ്രവർത്തകരെ കാണാൻ ഞാൻ എത്തിയത്. ഇത്രയും ഉപദ്രവകാരിയാണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എനിക്കെതിരെ നടക്കുന്ന സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങൾ ആസൂത്രിതമാണോയൊന്നോന്നും എനിക്കറിയില്ല. അസുഖം മൂലം സംസാരിക്കാനോ പ്രതികരിക്കാനോ കഴിയുന്നില്ല. അത്രമാത്രം വേദന അനുഭവിച്ചു. 

അപമാനിച്ചവർക്കെതിരെ പോലീസ് കേസെടുത്തതിൽ സന്തോഷം. സര്‍ക്കാരിന്റെയും കോളേജിന്റെയും ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളുമുണ്ട്. സർക്കാരും പൊതുജനങ്ങളും കൂടെയുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം– ഹനാൻ കൂട്ടിച്ചേർത്തു. ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീൻ ഷെയ്ഖിന്‍റെ അറസ്റ്റ് പൊലീസ് ഇന്ന് രാവിലെയാണ്  രെഖപ്പെടുത്തിയത്.

യൂണിഫോമിൽ മീൻവിറ്റതിനെതിരെയായിരുന്നു അധിക്ഷേപം. അതേസമയം, ഹനാനെ അധിക്ഷേപിച്ച കൂടുതൽ പേരെ പൊലീസ് കണ്ടെത്തി. തൊടുപുഴ അൽ അസർ കോളജിലെ രസതന്ത്രം മൂന്നാംവർഷ ബിരുദ വിദ്യാർഥിയായ ഹനാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിച്ചിരുന്നത്. ഇക്കാര്യം വാർത്തയായതിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചു സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം പെരുകിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം പൊലീസ് ഹനാന്റെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.