മലയാളത്തില്‍ മോഹന്‍ലാല്‍–തിലകന്‍ ജോഡി ഒരുമിച്ചാല്‍ അത് ചരിത്രമാണെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്. അതിന് കീരീടവും ചെങ്കോലും സ്ഫടികവും തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍. എന്നാല്‍ അമ്മയില്‍ കലാപക്കൊടി ഉയര്‍ന്നതോടെ തിലകനെതിരെ അമ്മ കൈകൊണ്ട നിലപാടുകളും ചര്‍ച്ചായായി. ഇതിനിടയിലാണ് അമ്മയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് മോഹൻലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്ത് വന്നത്. താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ക്കെതിരായ കുറ്റപത്രമാണ് തിലകന്‍ അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് 2010 മാര്‍ച്ച് 23ന് എഴുതിയ ഈ കത്ത്. എന്നാൽ തിലകനുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ശരിയല്ലെന്ന് നിലപാടിലാണ് മോഹൻലാൽ. ഇക്കാര്യം അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
‘തിലകൻ ചേട്ടനുമായി ഏറ്റവും അടുത്ത സൗഹൃദം ഉള്ള ആളായിരുന്നു ഞാൻ. എത്രയോ നല്ല സിനിമകൾ ഒരുമിച്ച് ചെയ്തു. ഈ പറയപ്പെടുന്ന വിലക്ക് ഉള്ള സമയത്ത് പോലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമ നടക്കുന്ന സമയം, അന്ന് അദ്ദേഹത്തിന് നടക്കാൻ പോലും കഴിയില്ലായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ആ കഥാപാത്രത്തെ വടി ഊന്നി നടക്കുന്ന കഥാപാത്രമാക്കി മാറ്റി. എന്നിട്ട് അദ്ദേഹത്തെ ആ ചിത്രത്തില്‍ അഭിനയിപ്പിച്ചു. ഞാൻ തന്നെ നിർമിച്ച സ്പിരിറ്റ് എന്ന സിനിമയിലും അദ്ദേഹം നല്ല വേഷം ചെയ്തു.’ മോഹന്‍ലാല്‍ പറഞ്ഞു.
അദ്ദേഹം അങ്ങനെ കത്ത് തന്നു എന്ന് പറയുന്ന സമയത്ത് ഞാൻ അമ്മ തസ്തികകളിലൊന്നും ഇല്ലാത്ത സമയത്താണ്. അദ്ദേഹവുമായി ബന്ധപ്പെട്ട കേസിൽ ഞാൻ കോടതി കയറി സാക്ഷിക്കൂട്ടിൽ ഇരുന്ന് സംസാരിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങൾ അറിഞ്ഞോ അറിയാതെയോ ഉണ്ടായതാണ്. ഇപ്പോഴും തിലകൻ ചേട്ടന്റെ കാര്യം ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഇനി ഒന്നും ചെയ്യാൻ പറ്റാത്ത കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ട് അർത്ഥമുണ്ടോ?’–മോഹൻലാൽ ചോദിക്കുന്നു.
മോഹന്‍ലാല്‍ പറഞ്ഞത്: പൂര്‍ണ്ണരൂപം
ക്ഷമ പറഞ്ഞായിരുന്നു വാര്‍ത്താസമ്മേളനത്തിന്‍റെ തുടക്കം. അമ്മ ജനറല്‍ ബോഡിയില്‍ മാധ്യമങ്ങളെ വിലക്കിയത് തെറ്റായിപ്പോയെന്നും മോഹന്‍ലാല്‍ എന്ന നിലയ്ക്ക് അക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും ആമുഖം. പിന്നീട് കാര്യങ്ങള്‍ വ്യക്തമായിത്തന്നെ വിശദീകരിച്ചു. ഒപ്പം അമ്മയുടെ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. ദിലീപ് അറസ്റ്റിലായ സമയത്ത് ‘അമ്മ’ സംഘടന രണ്ടായി പിളരുന്ന സാഹചര്യം ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍. മഞ്ഞുരുക്കാന്‍ ശ്രമങ്ങള്‍. ഒപ്പം രാജിവച്ചവര്‍ അവരുടെ വഴിയേ തന്നെയെന്ന കൃത്യമായ സൂചന.
ആ വാക്കുകളുടെ ചുരുക്കം ഇങ്ങനെ:
> ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് പെട്ടന്നൊരു അവൈലബിൾ കമ്മിറ്റി കൂടുന്നു. ദിലീപിന്റെ പ്രശ്നം വന്നപ്പോൾ എന്ത് ചെയ്യണം എന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. അമ്മ രണ്ടായി പിളരുമെന്ന് വരെ അപ്പോൾ സാഹചര്യമുണ്ടായി. പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. ഫെഫ്കയിൽ നിന്നും പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും അദ്ദേഹത്തെ മാറ്റി. അങ്ങനെയാണ് ദിലീപിനെ മാറ്റുന്നത്. പക്ഷേ മാറ്റിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത് നിയമത്തിൽ അങ്ങനെ ഇല്ല.
> ‘അമ്മ’ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതിരുന്നത് തെറ്റായിപ്പോയെന്നും ലാല്‍ പറഞ്ഞു. ജനറല്‍ബോഡിക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കാണേണ്ടതായിരുന്നു. ഇന്നുചേര്‍ന്നത് അമ്മയുടെ എക്സിക്യൂട്ടീവ് യോഗമല്ല. എക്സിക്യൂട്ടീവ് ചേര്‍ന്നശേഷം വനിതാകൂട്ടായ്മ അംഗങ്ങളുമായി ചര്‍ച്ചചെയ്യും. തുറന്ന ചര്‍ച്ചയ്ക്ക് തയാര്‍.
> ജനറൽ ബോഡിയിൽ ഇക്കാര്യം അവതരിപ്പിച്ചു. അവിടെ പല ചോദ്യങ്ങൾ ഉയർന്നു. അദ്ദേഹം കുറ്റക്കാരനല്ലല്ലോ എന്ന് പലരും പറഞ്ഞു. എല്ലാവരും ദിലീപിന് പിന്തുണ നൽകി. ആരും എതിർത്തില്ല. അങ്ങനെയാണ് ദിലീപിനെ തിരഞ്ഞെടുത്തത്. നിയമപരമായി ദിലീപിനെ പുറത്താക്കിയില്ലായിരുന്നു, അദ്ദേഹത്തിന് കത്തയച്ചില്ല, പെട്ടന്നുണ്ടായ തീരുമാനത്തിൽ വാക്കാൽ പുറത്താക്കുകയായിരുന്നു. ദിലീപ് അമ്മയിലേക്ക് തിരിച്ച് വരുന്നില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം സാങ്കേതികപരമായും നിയമപരമായും അമ്മയ്ക്ക് പുറത്താണ്.’–മോഹൻലാൽ പറഞ്ഞു.
> അമ്മ ഷോയിലെ സ്കിറ്റ് അതിലുളള സ്ത്രീകൾ തന്നെ കഥ എഴുതി ചെയ്തതാണ്. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്ന കൊണ്ടാണ് പലരും അതിനെ വിമർശിക്കുന്നത്.
> സംഘടനകളിൽ ആർക്കും മത്സരിക്കാമായിരുന്നു. ആരും പക്ഷേ മുന്നോട്ട് വന്നില്ല. ഡബ്യുസിസിയിെല അംഗങ്ങൾ അമ്മയിലെയും കുട്ടികളാണ്. അവർ മത്സരിക്കുന്നതിന് ആരും തടസ്സമല്ലായിരുന്നു. പാർവതിയെ മത്സരത്തിൽ നിന്ന് പിൻവലിച്ചെന്ന് പറയുന്നതൊക്കെ ശരിയാണോ എന്ന് എനിക്ക് അറിയില്ല.’–മോഹന്‍ലാൽ പറഞ്ഞു. നാലു പേരിൽ രണ്ടുപേർ മാത്രമേ രാജി വച്ചുള്ളൂ, ഭാവനയും രമ്യ നമ്പീശനും മാത്രമാണ് സംഘടനയ്ക്കു രാജിക്കത്ത് നൽകിയത്. ബാക്കി രണ്ടുപേരുടെ കത്ത് ഇന്ന് 11.30 വരെ ലഭിച്ചിട്ടില്ല. രാജി വച്ചവർ തിരിച്ചുവന്നാൽ അതു അമ്മ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. അവരെന്തുകൊണ്ട് രാജി വച്ചെന്നു വിശദീകരിക്കേണ്ടവരും. ഞങ്ങളുടേത് 487 പേരുടെ സംഘടനയാണല്ലോ.
> ദിലീപ് അവസരങ്ങൾ തടഞ്ഞുവെന്ന ആരോപണം നടി പരാതിയായി ഇതുവരെ കത്തു നൽകിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ട് ഞങ്ങൾക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം?.
> നിഷ സാരംഗിന്റെ വിഷയത്തിൽ അമ്മ അവർക്കൊപ്പം തന്നെയാണ്. വിഷയം അറിഞ്ഞപ്പോൾ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചിരുന്നു.’– മോഹൻലാൽ വ്യക്തമാക്കി.
> 25 വർഷം മുമ്പാണ്ടായിരുന്ന ബൈലോ മാറ്റും. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കും. സിനിമ ഇല്ലാതിരിക്കുന്ന ഒരുപാട് താരങ്ങളുണ്ട്. എല്ലാവർക്കും അവസരം കൊടുക്കും. അതൊക്കെ പുതിയ തീരുമാനങ്ങൾ ആയിരിക്കും. ഡബ്യുസിസി ഒരു കത്തയച്ചിരുന്നു. അത് എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് യോഗം എന്നാണെന്ന് തീരുമാനമെടുക്കും.